എന്റെ വിദ്യാലയം


എന്റെ വിദ്യാലയം

















മനസിലെ മായാത്ത
ഒരു
ഓര്‍മ്മത്താള്‍
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതാണ് എന്നും സ്കൂള്‍ ജീവിതം. ആ ജീവിതത്തിലെ അല്പം കൂടി മധുരമേറിയ നിമിഷങ്ങളായിരിക്കും കളിയും ചിരിയും കുസ്രതിത്തരങ്ങളും നിറഞ്ഞ കൂട്ടുകാരൊത്തുള്ള പഠനയാത്രകള്‍. മനോഹരമായ ആ നിമിഷങ്ങളെയായിരുന്നു ഈ രണ്ട് ദിവസങ്ങള്‍ ഞങ്ങള്‍ക്കു
നല്‍കിയത്. ഞങ്ങളുടെ പ്രീയപ്പെട്ട സ്കൂളില്‍ നിന്നും കൂട്ടുകാരും അധ്യാപകരും ഒത്തൊരുമിച്ചുള്ള അവസാനവര്‍ഷ യാത്ര കൂടിയായിരുന്നു അത്. എന്നും ഓര്‍ക്കാന്‍ ഒരുപിടി ഓര്‍മകളുടെയും നിമിഷങ്ങളുടെയും വലിയ പ്രതീക്ഷകളെയായിരുന്നു ഈ യാത്രയിലൂടെ ഞങ്ങള്‍ സ്വാഗതം ചെയ്തത്.
തിരുവനന്തപുരം-കന്യാകുമാരിയിലേക്ക് 2011 നവംബര്‍ ഇരുപത്തിയഞ്ചാം തിയതി വൈകുന്നേരം 7.30 ന് ഞങ്ങള്‍ മുക്കുടത്തു നിന്നും യാത്ര പുറപ്പെട്ടു. പറഞ്ഞസമയത്തു നിന്നും ഞങ്ങളുടെ യാത്രക്കുള്ള ജി.എച്ച്.എസ്.എസ് പണിക്കന്‍കുടി എന്ന പണിക്കന്‍കുടി സ്കൂളിന്റെ വാഹനം വരാന്‍ അല്പം വൈകി.വലിയ സന്തോഷങ്ങള്‍ക്കുമുന്‍പുള്ള ചെറിയ കാത്തിരുപ്പായതിനാലാവാം ഒട്ടും മടുപ്പ് തോന്നിയില്ല. ബസ് വന്നപ്പോള്‍ എല്ലാവരും മാതാപിതാക്കളോടും മറ്റും യാത്ര പറ‍ഞ്ഞ് ബസില്‍ കയറി ഒപ്പം അധ്യാപകരും. സ്വദേശത്തോടു തല്‍ക്കാലം ഒരു വിട. ഞങ്ങളുടെ
ബസ് മുന്നോട്ടു നീങ്ങി;നാല്‍പ്പത്തിരണ്ട് കുട്ടികളും അഞ്ച് അധ്യാപകരും യാത്രാസംഘത്തില്‍ ഉണ്ടായിരുന്നു. ജിജോ സാറിന്റെ നേത്രത്വത്തിലായിരുന്നു യാത്ര. യാത്രയിലുടെനീളം അധ്യാപകരെല്ലാം ഞങ്ങളുടെ കൂട്ടുകാരായിരുന്നു. പ്രാര്‍ത്ഥനാ
ഗാനത്തോടെ മുന്നോട്ട് നീങ്ങിയ വാഹനത്തില്‍ ആഹ്ലാദത്തിന്റെ പ്രകാശം പര-ത്താന്‍ യാത്രയില്‍ കുറച്ചുദൂരം ബിജി ടീച്ചറുണ്ടായിരുന്നു. രാത്രിയായതിനാല്‍ പുറത്തുള്ള കാഴ്ചകളെല്ലാം നന്നായി മങ്ങിത്തുടങ്ങിയിരുന്നു. എങ്ങും ഇരുട്ട് ആധിപത്യം നേടിക്കൊണ്ടിരുന്നു. എങ്കിലും മരങ്ങളുടെയും ചെടികളുടെയും ഇരുണ്ട രൂപങ്ങള്‍ പിറകിലേക്ക് ഓടിമറയുന്നുണ്ടായിരുന്നു.
തണുത്തകാറ്റ് രാത്രിയിലെ യാത്രയെ കൂടുതല്‍ സുഖപ്രദമാക്കി. പ്രാര്‍ത്ഥനാഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും പിറകെ ഒഴുകിയെത്തിയ അടിച്ചുപൊളിപാട്ടുകള്‍ ഏറ്റുപാടിയും കൈകൊട്ടിയും രാത്രിയാണെങ്കിലും എല്ലാവരും ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആട്ടവും പാട്ടുമായി രാത്രിയെ കീഴടക്കുമ്പോള്‍ വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം പലയിടങ്ങളിലായി മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. വിവിധ ഭാവതലങ്ങളെ ഉണര്‍ത്തുന്ന ഗാനങ്ങള്‍തന്നെയായിരിന്നു ആ രാത്രിയിലെ താരം. ഇരുട്ട് അതിന്റെ ഗാഢതയിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും അവസാനിക്കാത്ത പാട്ടിലും നൃത്തത്തിലും മുഴുകിയപ്പോള്‍ ജിജോ സര്‍ ഞങ്ങള്‍ക്കുനല്‍കിയ പേരായിരുന്നു 'എരുമ കുഞ്ഞുങ്ങള്‍ ' ശരിക്കും ആ രാത്രി ആ പേര് എല്ലാവര്‍ക്കും വളരെ അനുയോജ്യമായിരുന്നു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ ഞങ്ങള്‍ റിന്‍സി ടീച്ചറിന്റെ വീട് സന്ദര്‍ശിച്ചു. റോഡില്‍ നിന്നും കുറച്ചു നടക്കേണ്ടതിനാല്‍ ടീച്ചര്‍ വഴിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. മനോഹരമായ ഒരു വീട്. അവിടെ നിന്നും തിരിച്ചെത്തി ,തയ്യാറാക്കിക്കൊണ്ടുവന്ന കപ്പയും മുളകുംആയിരുന്നു രാത്രിയിലെ ഭക്ഷണം. എപ്പോഴോ പാട്ടും ബഹളങ്ങളും നിലച്ചിരുന്നു. സാറിന്റെ നിര്‍ബന്ധത്തോടെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണു...
പുതിയ നാട്ടില്‍...പുതിയെ പുലരിയെ വരവേല്‍ക്കാന്‍.......
പുലര്‍ച്ചയോടെ ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. പുതിയ ദേശത്ത് പുതിയൊരു പ്രഭാതം. തിരുവനന്തപുരത്തെ ക്രസ്ററ നഗര്‍ സ്കൂളില്‍ പ്രഭാതക്രിത്യങ്ങള്‍ക്കുശേഷം പുതിയ കാഴ്ചകളെയും അനുഭവങ്ങളെയും തേടിയുള്ള ആദ്യയാത്ര ശ്രീ. പത്മനാഭക്ഷേത്രത്തിലേക്കായിരുന്നു. ഇന്ന് പത്രമാധ്യമങ്ങളിലൂടെ,വന്‍നിധിശേഖരത്തിലൂടെ പ്രശസ്തമായ മനോഹരമായ ക്ഷേത്രം.ക്ഷേത്രത്തിന്റെ കൊത്തുപണികളും നിര്‍മാണരീതിയും ആരെയും ആകര്‍ഷിക്കും വിധമായിരുന്നു.ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ശ്രീ. പത്മനാഭന്റെആ ക്ഷേത്രം ഭക്തിനിര്‍ഭരമായ ഒരന്തരീക്ഷം എല്ലായിടത്തും പരത്തി കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ നിലകൊള്ളുന്നു. കേരളത്തിന്റെ അഭിമാനമായി ഒരു കോട്ടയുടെ സംരക്ഷണത്തോടെ നിലകൊള്ളുന്ന ചരിത്ര പ്രധാനമായ ക്ഷേത്രത്തില്‍ എന്നത്തെയും പോലെ അന്നും ജനസാഗരമായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം കോട്ടയ്ക്കുപുറത്തെത്തി യാത്രതുടരുമ്പോള്‍ ക്ഷേത്രവും പത്മതീര്‍ത്ഥകുളവും ദൂരെ മറയുന്നുണ്ടായിരുന്നു.
തിരുവനന്തപുരം, കേരളത്തിന്റെ തലസ്ഥാനനഗരി. നീണ്ടും നിവര്‍ന്നും പോകുന്ന വിശാലമായ പട്ടണം. എങ്ങും വലിയ കെട്ടിടങ്ങള്‍.പരസ്പരം വേര്‍തിരിച്ചമതിലുകള്‍ക്കിരുവശങ്ങളിലായി നിരനിരയായിട്ടായിരുന്നു എല്ലാവീടുകളും തന്നെ. കൃഷിയിടങ്ങളും പച്ചപ്പും വളരെ അപൂര്‍വമായി മാത്രം. ഉയരങ്ങള്‍ താണ്ടുന്ന വലിയ കെട്ടിടങ്ങള്‍ക്കിടയിലൂടെ, ഇരുവശങ്ങളിലേക്കും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടു നീങ്ങി. എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാന്‍ അവസരം ലഭിക്കുന്ന പാട്ടുകളെക്കാള്‍ അപൂര്‍വമായി മാത്രം കാണാന്‍ അവസരം ലഭിക്കുന്ന കാഴ്ചകള്‍ വിലപ്പെട്ടതായി തോന്നിയതിനാലാവാം എല്ലാവരുടെയും കണ്ണുകള്‍ പുറത്തെ കാഴ്ചകളില്‍ മുഴുകി.
പ്രഭാതഭക്ഷണം തിരുവനന്തപുരം M.L.A ഹോസ്റ്റലില്‍ നിന്നായിരുന്നു. വലിയൊരു കെട്ടിടമായിരുന്നു അത്. അവിടെ നിന്നും ഭക്ഷണം കഴിച്ചശേഷം യാത്ര കേരള നിയമസഭ മന്ദിരത്തിലേക്കായിരുന്നു.യാത്രാമധ്യേ ബിനു ടീച്ചറും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പഠിപ്പിക്കുന്നില്ലെങ്കിലും ടീച്ചര്‍ എപ്പോഴും ഞങ്ങളുടെ ടീച്ചര്‍തന്നെയായിരുന്നു. മനോഹരമായ വലിയൊരു കെട്ടിടമായിരുന്നു നിയമസഭാമന്ദിരം. മനോഹരമായി പൂഷ്പങ്ങളാലും അലങ്കാര ചെടികളാലും ക്രമീകരിച്ച ചുറ്റുപാടുകള്‍ നിയമസഭാമന്ദിരത്തിന് കൂടുതല്‍ ഭംഗിയേകി. അധികാരികളുടെ അനുവാദത്തോടെ ഞങ്ങള്‍ ആ കെട്ടിടത്തില്‍ പ്രവേശിച്ചു. ധാരാളം പടികള്‍ താണ്ടി നിയമസഭചേരുന്ന ഹാളിലെത്തി. ദ്രശ്യമാധ്യമങ്ങളിലൂടെ മാത്രം കണ്ടിട്ടുള്ള വിശാലമായ ഹാള്‍. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി നൂറ് കോടിയാണ് നിര്‍മ്മാണചിലവ്. നിയമസഭാഹാളില്‍ വിശിഷ്ഠവ്യക്തികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പൊതുജനങ്ങലുടെയുമെല്ലാം പ്രത്യേകസ്ഥാനങ്ങളും അതിന്റെ ഭാഗങ്ങളും നിയമസഭയിലെ നടപടിക്രമങ്ങളും ചരിത്രവുമെല്ലാം ഒരു ഗൈഡ് ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നു. കേരള ഭരണവ്യവസ്ഥയിലെ ഒരു പ്രധാന ഭാഗമാണ് ഈ നിയമസഭാ മന്ദിരം. അവിടെ നിന്നും തിരിച്ചിറങ്ങവെ എങ്ങും നിശബ്ദത തളം കെട്ടിനിന്നിരുന്നു.
ശേഷം ഞങ്ങള്‍ മൃഗശാലയിലേക്ക് പുറപ്പെട്ടു. മൃഗശാലയിലേക്ക്..... റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ ബസ്‍ മുന്നോട്ടു നീങ്ങി. സ്ഥലത്തെത്താന്‍ ബസില്‍ നിന്നിറങ്ങി അവിടെ നിന്നല്‍പ്പം നടക്കണമായിരുന്നു. എല്ലാവര്‍ക്കൊപ്പമുള്ള നടത്തത്തിനും ഒരു രസമുണ്ടായിരുന്നു. നടത്തമല്ലായിരുന്നു, ജിജോസാറും സംഘവും മുന്‍പേ പോയപ്പോള്‍ അവര്‍ക്കൊപ്പമെത്താന്‍ ഓടാതെ നിവ്രത്തിയില്ലായിരുന്നു. പെട്ടെന്ന് ക്ഷണിക്കാതെ വന്ന അതിഥിയെപ്പോല്‍ മഴ. കുടയും ഉണ്ടായിരുന്നില്ല. കാഴ്ചബംഗ്ലാവിലെ കാഴ്ചകള്‍ക്കും കൗതുകങ്ങള്‍കകും ഭയത്തിനും അതിശയങ്ങള്‍ക്കുമെല്ലാം കൂട്ട് മഴയായിരുന്നു. വിശാലമായ പ്രദേശം. അവിടെ മഴ നനഞ്ഞുള്ള സന്ദര്‍ശനം ആദ്യ അനുഭവമായിരുന്നു. എത്ര കണ്ടാലും അവസാനിക്കാത്ത, കണ്ണുകള്‍ക്ക് മടുപ്പ് തോന്നിക്കാത്ത അപൂര്‍വ്വ കാഴ്ചകള്‍ പലതും മഴയുടെ അകമ്പടിയോടെ മിന്നിമറയുമ്പോള്‍ ചെറിയ നഷ്ടബോധം ഉണ്ടായിരുന്നു.
വിശാലമായ, മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലൂടെ കുട്ടിക്കുരങ്ങന്മാരും മറ്റും ഓടി നടക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ വനത്തിന്റെ പ്രതീതിയായിരുന്നു അവിടെങ്ങും. ചില വിരുതന്മാര്‍ക്ക് സ്വന്തമായി വീടും ഉണ്ടായിരുന്നു. പക്ഷികളും പാമ്പുകളും മൃഗങ്ങളും ഉരഗങ്ങളും എല്ലാം അവരുടെ വര്‍ഗത്തിലെയും വിഭാഗത്തിലെയും വൈവിധ്യങ്ങളെ കാഴ്ചകളായി നല്‍കുമ്പോള്‍ അത്ഭുതമായിരുന്നു എപ്പോഴും.അവിടത്തെ അപൂര്‍വസസ്യജാലങ്ങളെയും ജീവികളെയും സാര്‍ പരിചയപ്പെടുത്തി.
ശക്തിയേറി വന്ന മഴയില്‍ നന്നായി നനഞ്ഞെങ്കിലും അവിടുത്തെ കാഴ്ചകള്‍പോലെ തന്നെ രസകരമായിരുന്നു ആ മഴയും. അവിടുത്തെ കാഴ്ചകളു് മഴ നനഞ്ഞുള്ള നിമിഷങ്ങളും.ഏറിയും കുറഞ്ഞും പെയ്തുകൊണ്ടിരുന്ന മഴയെ തോല്‍പ്പിക്കാനെന്നവണ്ണം ഓടിയും നടന്നും കാഴ്ചകളെല്ലാം കണ്ടെന്നുവരുത്തി. ധാരാളം കാഴ്ചകള്‍ മഴയില്‍ അലിഞ്ഞുപോയെങ്കിലും മറക്കാനാകാത്തവിധം മനോഹരമായിരന്നു അവിടം. തിരിച്ചു ബസിലെത്തിയ എല്ലാവരും ആകെ നനഞ്ഞിരുന്ന, എങ്കിലും എല്ലാവരുമൊത്ത് മഴനനയാന്‍ ഒരു പ്രത്രേകരസം ഉണ്ടായിരുന്നു.
ആകെ നനഞ്ഞിരുന്നു എങ്കിലും എല്ലാവരും പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു. ഡ്രൈവര്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ സെക്രട്ടറിയേറ്റ്, കേരളസര്‍വകലാശാല, ചന്ദ്രശേഖരന്‍ സ്റ്റേഡിയം,AKG ഭവന്‍ തുടങ്ങിയ പ്രധാന മന്ദിരങ്ങളും സ്ഥലങ്ങളും ജിജോസാര്‍ പരിചയപ്പെടുത്തി. വഴിയോരത്തെ കുമാരനാശാന്റെ പ്രതിമ വളരെയധികം ആകര്‍ഷകമായിരുന്നു.
തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക വളപ്പില്‍ സ്ഥിതിചെയ്യുന്ന പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിലേയ്ക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. ഞങ്ങള്‍ ഒരു കെട്ടിടത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു.അവിടുത്തെ ഒരു മുറിയായിരുന്നു ആകാശനാടകശാല. മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്തസ്ഥലം.മഴയത്ത് നന്നഞ്ഞ് എയര്‍കണ്ടീഷന്‍ചെയ്ത മുറിയില്‍കുടി പ്രവേശിച്ചതോടെതണുപ്പ് അസ്സഹനീയമായിരുന്നു. അനൗണ്‍സറുടെ മുഴങ്ങുന്ന ശബ്ദം. പെട്ടന്ന് ചുറ്റും ഉണ്ടായിരുന്ന വെളിച്ചം കുറഞ്ഞുവന്നു. മറ്റേതോ ലോകത്തുപെട്ട പ്രതീതിയായിരുന്നു. മുകളില്‍ അര്‍ദ്ധവൃത്താകൃതിയില്‍ മേല്‍പ്പുര.അതായിരുന്നു ആകാശനാടകശാലയുടെ സ്റ്റേജ്. മുറിയുടെ നടുക്ക് ഒരു വലിയ പ്രൊജക്ടര്‍. ശരിക്കും ഒരു വിചിത്രജീവിപോലെ.അനൗണ്‍സര്‍ രസകരമായി കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. പറയുന്നതെല്ലാം മുകളില്‍ കാണാം. അവിടെ നേരം പോയതറിഞ്ഞില്ല ലൈറ്റുകള്‍ പെട്ടെന്നു കത്തിയപ്പോള്‍ ഒരു മായാലോകത്തുനിന്നും വന്നതുപോലെയായിരുന്നു. ശാസ്ത്രവും കലയും കൈകോര്‍ത്ത ആ അവതരണം എത്രമനോഹരമായിരുന്നു. യാഥാര്‍ത്ത്യമെന്ന് തോന്നിക്കുന്ന പ്ലാനറ്റേറിയത്തിലെ കാഴ്ചകളേടും അനുഭവങ്ങളോടും യാത്രപറഞ്ഞ് ഞങ്ങള്‍ അവിടെനിന്നും മടങ്ങി.
തുരുവനന്തപുരത്തിന്റെ മനോഹരമായ കാഴ്ചകളെ കാഴ്ചകളുടെ തനിമയെ എന്തിനോ ഞങ്ങളില്‍ നിന്നും മറയ്ക്കാന്‍ മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ബസില്‍നിന്നും ഓരോ സ്ഥലങ്ങളിലേക്കും ആനയിച്ചിരുന്നത് മഴ തന്നെയായിരുന്നു. മഴ നനയാനുള്ള രസവും ഒപ്പം മഴയോടുള്ള ദേഷ്യവും എല്ലാവരിലും ഉണ്ടായിരുന്നു. M. L.A ഹോസ്റ്റലില്‍ നിന്നു തന്നെയായിരുന്നു ഉച്ചഭക്ഷണവും‌. പിന്നീട് മ്യൂസിയം സന്ദര്‍ശിക്കുന്നതിന് പുറപ്പെട്ടു. എല്ലാ സ്ഥലങ്ങളും ഏകദേശം അടുത്ത സ്ഥലങ്ങളായതിനാല്‍, അതായത് അടുത്തടുത്തായതിനാല്‍ ബസിനകത്തെ സമയം ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല.
നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്രപ്രധാനമായ കൊട്ടാരമായിരുന്നു മ്യൂസിയം. പണ്ടത്തെ വാസ്തുശില്പ കലയുടെ മനോഹാരിതയും നൈപ്പുണ്യതയെയും വിളിച്ചുണര്‍ത്തുന്ന നിര്‍മ്മാണരീതി. ശ്രീ. മാര്‍ത്താണ്ഡവര്‍മ്മയുടെ ഉടവാള്‍ ചരിത്രത്തിന്റെ സാക്ഷിയായി മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കാണാമായിരുന്നു. മറ്റൊന്നായിരുന്നു രഥം. രാജാക്കമ്മാരുടെ വാഹനമായ രഥത്തിന്റെ രൂപവും ആക്രതിയുമെല്ലാം എല്ലാവരിലും കൗതുകമുണര്‍ത്തി. കൂടാതെ കഴിഞ്ഞകാലത്തെ ജനജീവിതവും സംസ്കാരവും ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളും അവിടെ ഓരോ പ്രദര്‍ശനവസ്തുവിലും പ്രതിഫലിക്കുന്നുണ്ടായിതുന്നു. അക്കാലത്തെ ഉപകരണങ്ങള്‍, ആരാധനാരൂപങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങി ഒരുപാട് കാലഘട്ടങ്ങളില്‍ ലോകത്തിലെ സംഭവവികാസങ്ങളുടെ സാക്ഷികളും ഭാഗവുമായിരുന്ന പലതും മ്യൂസിയത്തിലെ തങ്ങളുടെ സ്ഥാനങ്ങളിലിരുന്ന് കാണികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയായിരുന്നു. ശേഷിപ്പുകള്‍ക്കിടയില്‍ അല്പ്പ സമയം ചെലവഴിച്ച ശേഷം മ്യൂസിയത്തിന്റെ തൊട്ടടുത്തുള്ള ആര്‍ട്ട് ഗാലറിയിലേക്ക് നടന്നു. പുല്‍ത്തകിടികളാലും മനോഹരമായ കൊച്ചുമരങ്ങളാലും പച്ചപ്പ് പരത്തിയ മ്യൂസിയത്തിന്റെ ചുറ്റുപാട് ഒരു പാര്‍ക്കുപോലെ തന്നെ തോന്നി. പ്ര‍കൃതിയെ എപ്പോഴും നശിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ അവിടെ പ്രകൃതിയെ മനോഹരമാക്കിയിരിക്കുന്നു. മഴ തുടരുന്നതിനാല്‍ ചുറ്റുപാടും ഈര്‍പ്പമയമായിരുന്നു. മഴ വല്ലാതെ ഞങ്ങളെ ശല്യപ്പെടുത്തി എന്നു പറയാം.
ആര്‍ട്ട് ഗ്യാലറിയില്‍ വരകളിലൂടെ കഥകളെയും ചരിത്രസംഭവങ്ങളെയും തനിമയോടെ ആവി‍ഷ്കരിച്ചിരുന്നു. സംഭവങ്ങള്‍ ആഴത്തിലറിയുവാന്‍ ഓരോ ചിത്രവുമായി ബന്ധപ്പെട്ടവിവരങ്ങളും അവിടെ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴയകാല നാണയങ്ങളും രാജാക്കമ്മാരുടെ വസ്ത്രവും അവരുടെ കൈപ്പടയിലുള്ള എഴുത്തുകളും തുടങ്ങി ആര്‍ട്ട് ഗ്യാലറി എന്ന കൊച്ചുമുറി ചിത്രങ്ങളാല്‍ ചരിത്രത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു വലിയ സ്മാരകം തന്നെയായിരുന്നു.
സമയം കാത്തുനില്‍ക്കാതെ പൊയ്ക്കോണ്ടിരുന്നു. ഇത്തരം നിമിഷങ്ങളില്‍ സമയത്തെ പിടിച്ചുനിര്‍ത്താനായെങ്കിലോ എന്നു ചിന്തിച്ചുപോവും. ചെറിയമഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. ആര്‍ട്ട് ഗ്യാലറിയില്‍ നിന്ന് തിരിച്ചെത്തി യാത്രതുടങ്ങവേ ഞങ്ങളെല്ലാവരും പോകാതിരിക്കാന്‍ ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും ബിനു ടീച്ചര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. രണ്ട് ദിവസവും കൂടെയുണ്ടാവും എന്നു പ്രതീക്ഷിച്ചിട്ട് പെട്ടെന്ന് ഒരു യാത്ര പറയല്‍. ബസ് നീങ്ങും തോറും തിരുവനന്തപുരത്തെ കാഴ്ചകളോടും യാത്ര പറയുകയായിരുന്നു.
സമയം കാത്തുനില്‍ക്കാതെ പൊയ്ക്കോണ്ടിരുന്നു. ഇത്തരം നിമിഷങ്ങളില്‍ സമയത്തെ പിടിച്ചുനിര്‍ത്താനായെങ്കിലോ എന്നു ചിന്തിച്ചുപോവും. ചെറിയമഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. ആര്‍ട്ട് ഗ്യാലറിയില്‍ നിന്ന് തിരിച്ചെത്തി യാത്രതുടങ്ങവേ ഞങ്ങളെല്ലാവരും പോകാതിരിക്കാന്‍ ഒരുപാട് നിര്‍ബന്ധിച്ചെങ്കിലും ബിനു ടീച്ചര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. രണ്ട് ദിവസവും കൂടെയുണ്ടാവും എന്നു പ്രതീക്ഷിച്ചിട്ട് പെട്ടെന്ന് ഒരു യാത്ര പറയല്‍. ബസ് നീങ്ങും തോറും തിരുവനന്തപുരത്തെ കാഴ്ചകളോടും യാത്ര പറയുകയായിരുന്നു. …..






സുകുമാര്‍ അഴീക്കോട്


കേരളം കണ്ട, അതുല്യനായ സാഹിത്യകാരന്‍, അഴീക്കോട്ടെ പ്രീയപുത്രന്‍, ടി. കെ സുകുമാരന്‍ 1926 മെയ് 26-ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയില്‍ നിത്യാനന്ദാലയത്തില്‍ പങ്കാവില്‍ വിദ്വാന്‍ പി. ദാമോദരന്റെയും, കേളോത്ത് തട്ടാരത്ത് മാധവി അമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. ഒന്നാം റാങ്കോടെ മലയാളം എം എയും, സംസ്ക്രതം എം എയും കേരളസര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടി. ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, വിമര്‍ശകന്‍ എന്നിങ്ങനെ കേരളസാസ്കാരിക മണ്ഡലത്തില്‍ സജീവമായി നിറഞ്ഞു നിന്നിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 1971- ല്‍ മലയാളവിഭാഗം അധ്യക്ഷനായും 74 മുതല്‍ 78 വരെ പ്രൊവൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. അദ്ദേഹം രാഷ്ട്രീയത്തിലും നിത്യവിമര്‍സകനായിരുന്നു. 1965 മുതല്‍ 12 വര്‍ഷത്തോളം സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായിരുന്ന അഴീക്കോട് കേന്ദ്ര -കേരള സാഹിത്യ അക്കാദമികളിലും പ്രമുഖ പദവികള്‍ വഹിച്ചു.തുടക്കത്തില്‍ എന്തിനെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. ഉപനിഷത്തുകളെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'തത്വമസി' ശ്രദ്ധേയമായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, വയലാര്‍, രാജാജി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ തത്ത്വമസിക്കുലഭിച്ചു.

ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നിവയും അഴീക്കോടിന്റെ ഏറെ പ്രസിദ്ധങ്ങളായ ക്രതികളാണ്. രണ്ടായിരം ലേഖനങ്ങള്‍ക്കു പുറമേ പതിനായിരത്തോളം പ്രഭാഷണങ്ങളും നടത്തി.

ആശാന്റെ സീതാകാവ്യം തന്നിലെ എഴുത്തുകാരന്റെ ആദ്യ കാല്‍വെപ്പായിരുന്നു എന്ന് അഴീക്കോട് വിലയിരുത്തുന്നു.ആദിമ കവിയുടെ വയലില്‍ ആ ഋഷി കൃഷി ചെയ്യാതെ വിട്ട നിലത്ത് വിത്തിറക്കിയതിന്റെ സമൃദ്ധമായ വിളവാണ് 'ചിന്താവിഷ്ടയായ സീത'-എന്നും കവി പറയുകയുണ്ടായി.

പക്ഷങ്ങള്‍ക്കുമപ്പുറം ഹൃദയത്തിന്റെ പക്ഷം സ്വീകരിക്കുകയും വാക്കുകള്‍ക്ക് സത്യത്തിന്റെ ശക്തി പകരുകയും ചെയ്ത സാഗരഗര്‍ജനത്തിന്റ ഉടമ എന്നു വിശേഷിപ്പിക്കാവുന്ന, കേരള സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ കത്തിജ്വലിച്ച, ആ നെയ്‍ത്തിരി 2012ജനുവരി 24-ന് കേരളക്കരയാകെ ദുഃഖസാഖരത്തിലാക്കികൊണ്ട് അണഞ്ഞു.

-ഗീതു ഹരിലാല്‍