ഏകദിന ക്രിക്കറ്റ്
ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് മത്സരം ആണ് ഏകദിന ക്രിക്കറ്റ്.[1] പരമാവധി 20 മുതൽ 50 ഓവറുകളാണ് സാധാരണയായി ഏകദിന മത്സരങ്ങളിലെ ഒരിന്നിംഗ്സിൽ ഉണ്ടാവുക. ഓവറുകളുടെ പരമാവധി എണ്ണം ഇതിനേക്കാൾ കൂടിയതും കുറഞ്ഞതുമായ മത്സരങ്ങളും അത്ര വ്യാപകമല്ലെങ്കിലും നിലവിലുണ്ട്. ഇരുടീമുകളും ഈ നിശ്ചിത ഓവർ ഇന്നിംഗ്സ് കളിക്കുന്നതിനാൽ മത്സരഫലം അന്നു തന്നെ അറിയാൻ കഴിയും. കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രധാന മത്സരങ്ങൾ, അന്താരാഷ്ട്രവും ആഭ്യന്തരവും, അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കാറുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ക്രിക്കറ്റിന്റെ ഈ രൂപം ഉത്ഭവിച്ചത്. 1960-ൽ ഇംഗ്ലീഷ് കൗണ്ടി ടീം ആണ് ആദ്യമായി ഏകദിന ക്രിക്കറ്റ് മത്സരരം നടത്തിയത്.[2] ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം 1971 ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസത്തേയും കളി മഴമൂലം നടക്കാതിരുന്നപ്പോൾ ആ മത്സരം ഉപേക്ഷിക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനു പകരമായി ഇരു ടീമിനും 40 ഓവറുകൾ വീതം നൽകി ഒരു ഏകദിന മത്സരം അവർ സംഘടിപ്പിച്ചു. 8 പന്തുകൾ അടങ്ങിയതായിരുന്നു അന്നത്തെ ഒരു ഓവർ. ആ മത്സരത്തിൽ ഓസ്ട്രേലിയ 5 വിക്കറ്റുകൾക്ക് ജയിച്ചു.
1970 കളുടെ അവസാനത്തിൽ കെറി പാക്കർ, വേൾഡ് സീരീസ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഏകദിന ക്രിക്കറ്റിന്റെ പ്രത്യേകതകളായ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ, രാത്രിയിൽ ഫ്ലഡ്‌ലൈറ്റിനടിയിൽ നടത്തുന്ന മത്സരങ്ങൾ മുതലായവ ഈ പരമ്പരയിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്.