ലോകചരിത്രം
ലോകചരിത്രം എന്ന പദം കൊണ്ട് പൊതുവേ അർത്ഥമാക്കുന്നത് മനുഷ്യന്റെ ചരിത്രമാണ് - അവൻ ഹോമോ സാപ്പിയൻ ആയി പ്രത്യക്ഷപ്പെട്ട കാലം മുതൽ ഇന്നു വരെയുള്ള ചരിത്രം.പുരാതന ശിലായുഗം
പുരാതന ശിലായുഗം അഥവാ പാലിയോളിതിക്ക് കാലഘട്ടം എന്നത് ശിലായുഗത്തിന്റെ ആദ്യ ഘട്ടമാണ്.ജനിതക ശാസ്ത്രവും ഫോസ്സിലുകളും നൽകുന്ന ശാസ്ത്രീയമായ തെളിവുകളുടെ വെളിച്ചത്തിൽ, ഇന്നത്തെ ഹോമോ സാപ്പിയന്റെ ഉൽഭവം ആഫ്രിക്കയിലാണ് ഉണ്ടായത്. ഒരു നീണ്ട പരിണാമ പ്രക്രിയയുടെ ഫലമായി നടന്ന ഈ ഉൽഭവം സംഭവിച്ചിരിയ്ക്കുക ഏകദേശം 200,000 കൊല്ലങ്ങൾക്കു മുൻപ് പാലിയോളിതിക്ക് കാലഘട്ടത്തിലാണ് എന്നാണ് സൂചനകൾ. മനുഷ്യന്റെ മുൻഗാമികൾ, ഉദാ: ഹോമോ ഇറക്റ്റസ്, ആയിരക്കണക്കിനു വർഷങ്ങളോളം ലളിതമായ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുവന്നിരുന്നു, പക്ഷേ കാലത്തിനനുസരിച്ച് ഉപകരണങ്ങൾ മെച്ചപ്പെടുകയും പുരോഗമിയ്ക്കുകയും ചെയ്തുവന്നു. പാലിയോളിതിക്ക് കാലഘട്ടത്തിലെപ്പോഴോ മനുഷ്യൻ ഭാഷയ്ക്കു രൂപം നൽകി; മാത്രമല്ല, മരിച്ചവരെ അടക്കുക (ഇതു സൂചിപ്പിയ്ക്കുക ഒരു തരം ഉൾക്കാഴ്ചയെയാണ് - മരണം എന്നത് പ്രതിഭാസം വേറേ എന്തോ ആയി തെറ്റിധരിച്ചിരിയ്ക്കാമായിരുന്ന ഈ സമൂഹം, ചീയുന്ന ശവശരീരങ്ങളെ കണ്ട് അതിൽ നിന്ന് മനസ്സിലാക്കിയതാവാം) പോലുള്ള ചടങ്ങുകൾക്കും തുടക്കമിട്ടു.
ഈ കാലഘട്ടത്തിലെ മനുഷ്യൻ, തന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനായി വസ്തുക്കൾ കൊണ്ട് തന്നെതന്നെ അലങ്കരിച്ചിരുന്നു. ഈ കാലയളവിൽ എല്ലാ മനുഷ്യരും നാടോടികളായി വേട്ടയും ശേഖരണവും വഴി ജീവിച്ചുപോന്നു.
ഇന്ത്യാചരിത്രം
പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ [1] (ഏകദേശം ക്രി.മു. 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ [2] (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ ക്രി.മു. 184 മുതൽ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിന്റെ ആരംഭം.
ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു [3]. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.
കേരളത്തിന് ക്രി.വ. 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് ക്രിസ്തുവർഷം 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്ലാം മതത്തിന്റെ ആഗമനം.[4] ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്ലീം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു[5]
18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.
20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്ലീം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.
ചരിത്രാതീത കാലം
ശിലായുഗം
മദ്ധ്യ ഇന്ത്യയിലെ നർമ്മദാ തടത്തിൽ നിന്നു ലഭിച്ച ഹോമോ എറെക്ടസിന്റെ ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്..[7][8] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മീസോലിത്തിക്ക് കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ ഹിമയുഗത്തിന്റെ അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.
ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ നിർമ്മിച്ചിരുന്നു. ഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.[9]
5-)ം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.
വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭീംബെട്ക ശിലാഗൃഹങ്ങളിൽ ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല നിയോലിത്തിക്ക് സംസ്കാരത്തെ മേർഘഡ് കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിലാണ്. ഘാംബട്ട് ഉൾക്കടലിൽ പൂണ്ടുകിടക്കുന്ന രീതിയിലും നിയോലിത്തിക്ക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് റേഡിയോകാർബൺ കാലനിർണ്ണയ പ്രകാരം ക്രി.മു 7500 വരെ പഴക്കം നിർണ്ണയിക്കുന്നു.[10] പിൽക്കാല നിയോലിത്തിക്ക് സംസ്കാരങ്ങൾ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതൽ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയിൽ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് പാകിസ്താൻ നിലനിൽക്കുന്ന ഭൂഭാഗത്ത് രണ്ട് ദശലക്ഷം വർഷങ്ങളെങ്കിലും തുടർച്ചയായി മനുഷ്യവാസമുണ്ടായിരുന്നു. [11][12] ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിൽ തെക്കേ ഏഷ്യയിലെ ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളിൽ ചിലതും, [13] തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളിൽ ചിലതും[14][15] ഉൾപ്പെടുന്നു.
പാകിസ്താനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം സോവൻ നദീതടത്തിലെ പാലിയോലിത്തിക് ഹോമിനിഡ് സ്ഥലമാണ്.[16] ഗ്രാമീണജീവിതം ആരംഭിച്ചത് മേർഗഡിലെ നവീന ശിലായുഗ സ്ഥലത്താണ്[17] പ്രദേശത്തെ ആദ്യത്തെ നാഗരികത സിന്ധൂ നദീതട സംസ്കാരം ആയിരുന്നു,[18] ഇതിലെ പ്രധാന നഗരങ്ങൾ മോഹൻജൊ ദാരോ, ഹാരപ്പ.[19] എന്നിവയായിരുന്നു.
വെങ്കലയുഗം
സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു. 1900 വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. ഈ പുരാതന സംസ്കാരത്തിൽ ഹാരപ്പ, മോഹൻജൊ-ദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനിക പാകിസ്താനിലെ), ധോളവിര, (ആധുനിക ഇന്ത്യയിലെ) ലോഥൽ. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം ഘാഗ്ഗർ-ഹക്ര നദീ തടം,[14] the ഗംഗാ-യമുനാ ദൊവാബ്,[20] ഗുജറാത്ത്,[21] വടക്കേ അഫ്ഗാനിസ്ഥാൻ.[22] എന്നിവിടങ്ങൾ വരെ വ്യാപിച്ചു.
ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരങ്ങൾ, പാതയോരത്തുള്ള അഴുക്കുചാൽ സംവിധാനം, പല നിലകളുള്ള വീടുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ കേന്ദ്രങ്ങളിൽ ഹാരപ്പ, മോഹൻജൊ ദാരോ, ധോളവിര, ഗനേരിവാല, ലോഥാൽ, കാളിബങ്കൻ, രാഖിഗർഹി എന്നിവ ഉൾപ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ ക്ഷയം നഗര സമൂഹങ്ങളുടെ തകർച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി.[23]
ഇരുമ്പു യുഗം
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹല്ലൂരിൽ ആണ്.
വേദ കാലഘട്ടം
ആദ്യകാല വേദ സമൂഹം വലിയ ഇടയ സമൂഹങ്ങളായി ആണ് നിലനിന്നത്. പിൽക്കാലത്ത് ഹാരപ്പൻ നാഗരികതയിലേയ്ക്കു തിരിഞ്ഞെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഇവർ ഹാരപ്പൻ നാഗരികത ഉപേക്ഷിച്ചു. [26] ഋഗ്വേദത്തിനു ശേഷം ആര്യ സമൂഹത്തിൽ കൃഷിയുടെ പ്രാമുഖ്യം ഏറിവന്നു; സമൂഹം ചാതുർവർണ്യത്തിൽ അധിഷ്ഠിതമായി. ഹിന്ദുമതത്തിലെ പ്രധാന ഗ്രന്ഥങ്ങൾക്കു (വേദങ്ങൾക്കു) പുറമേ, (രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ ആദ്യ രചനകളും ഇക്കാലത്താണെന്ന് കരുതപ്പെടുന്നു.[27] പുരാവസ്തു ഗവേഷണഫലങ്ങളിൽ, ഓക്ക്ര് നിറമുള്ള മൺപാത്രങ്ങൾ ആദ്യകാല ഇന്തോ-ആര്യൻ സാന്നിദ്ധ്യവുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. [28] വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ, ഇരുമ്പു യുഗത്തിന്റെ ആരംഭത്തിൽ (ഏകദേശം ക്രി.മു. 1000) നിലനിന്ന കറുപ്പും ചുവപ്പും മൺപാത്രങ്ങൾ, ചായം പൂശിയ ചാരപ്പാത്രങ്ങൾ എന്നീ സംസ്കാരങ്ങളുമായി കുരു രാജവംശം ബന്ധപ്പെട്ടിരിക്കുന്നു.[29] (ഏകദേശം അഥർവ്വവേദം രചിച്ച അതേ കാലത്തായിരുന്നു ഇത് - ഇരുമ്പിനെ പ്രതിപാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗ്രന്ഥമാണ് അഥർവ്വവേദം. അഥർവ്വവേദത്തിൽ "കറുത്ത ലോഹം" എന്ന് അർത്ഥം വരുന്ന śyāma ayas (ശ്യാമ അയസ്) എന്ന് പ്രതിപാദിക്കുന്നു). വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്ന ചായംപൂശിയ ചാരപ്പാത്ര സംസ്കാരം ക്രി.മു. 1100 മുതൽ ക്രി.മു. 600 വരെ പ്രചാരത്തിലായിരുന്നു. [28] ഈ പിൽക്കാല കാലഘട്ടം സമൂഹത്തിൽ പരക്കെ നിലനിന്ന ഗോത്ര സമ്പ്രദായത്തിനു നേർക്കുള്ള വീക്ഷണത്തിൽ ഒരു മാറ്റത്തിനും കാരണമായി. ഇത് മഹാജനപദങ്ങൾ എന്ന് അറിയപ്പെട്ട രാഷ്ട്രങ്ങളുടെ സ്ഥാപനത്തിനു കാരണമായി.
മഹാജനപദങ്ങൾ
ഈ കാലഘട്ടത്തിലെ ഹിന്ദു ആചാരങ്ങൾ സങ്കീർണ്ണമായിരുന്നു, പുരോഹിത വർഗ്ഗമാണ് അനുഷ്ഠാനങ്ങൾ നിർവ്വഹിച്ചത്. വേദ കാലഘട്ടത്തിന്റെ അവസാനത്തിലും മഹാജനപദങ്ങളുടെ ആരംഭകാലത്തുമാണ് (ക്രി.മു. 600-400 വർഷങ്ങൾ) ഉപനിഷത്തുകൾ - അക്കാലത്ത് ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രത്തെ പ്രധാനമായും കൈകാര്യം ചെയ്ത ഗ്രന്ഥങ്ങൾ - രചിക്കപ്പെട്ടത് എന്നു കരുതുന്നു. ഇന്ത്യൻ തത്ത്വചിന്തയിൽ ഉപനിഷത്തുകൾക്ക് ഒരു പ്രധാന സ്വാധീനമുണ്ട്. ബുദ്ധമതം, ജൈനമതം എന്നിവയുടെ വികാസത്തിന്റെ അതേ കാലത്തായിരുന്നു ഉപനിഷത്തുകളുടെയും ആവിർഭാവം. ചിന്തയുടെ ഒരു സുവർണ്ണകാലമായി ഈ കാലത്തെ വിശേഷിപ്പിക്കാം. ക്രി.മു. 537-ൽ, സിദ്ധാർത്ഥ ഗൗതമൻ "ജ്ഞാനം" സിദ്ധിച്ച്, ബുദ്ധൻ - ഉണർന്നവൻ ആയി എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ഇതേ കാലത്തുതന്നെ മഹാവീരൻ (ജൈന വിശ്വാസപ്രകാരം 24-ആം ജൈന തീർത്ഥങ്കരൻ) സമാനമായ ഒരു ദൈവശാസ്ത്രം പ്രചരിപ്പിച്ചു, ഇത് പിന്നീട് ജൈനമതം ആയി. [31] എന്നാൽ ജൈനമതത്തിലെ പുരോഹിതർ മതോത്പത്തി എല്ലാ കാലത്തിനും മുൻപാണ് എന്നു വിശ്വസിക്കുന്നു. വേദങ്ങൾ ചില ജൈന തീർത്ഥങ്കരരെ പ്രതിപാദിക്കുന്നു എന്ന് വിശ്വസിക്കുന്നു. (ശ്രമണ പ്രസ്ഥാനത്തിനു സമാനമായി, സന്യാസിമാരുടെ ശ്രേണി). [32] ബുദ്ധന്റെ സന്ദേശങ്ങളും ജൈനമതവും സന്യാസത്തിലേയ്ക്കു ചായ്‌വ് പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. ഇവ പ്രാകൃത ഭാഷയിലാണ് പ്രചരിപ്പിച്ചത് , ഇത് പൊതുജനങ്ങളുടെ ഇടയിൽ ബുദ്ധമതത്തിനും ജൈനമതത്തിനും സമ്മതം ലഭിക്കാൻ കാരണമായി. ബുദ്ധമത - ജൈനമത തത്ത്വങ്ങൾ ഹിന്ദുമത ആചാരങ്ങളെയും ഇന്ത്യൻ ആത്മീയാചാര്യന്മാരെയും ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. സസ്യാഹാരം, മൃഗബലിയുടെ നിരോധനം, അഹിംസ എന്നിവയുമായി ബുദ്ധമത-ജൈനമത തത്ത്വങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
ജൈനമതത്തിന്റെ സ്വാധീനം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ചുരുങ്ങി എങ്കിലും ബുദ്ധമത സന്യാസീ-സന്യാസിനികൾ ബുദ്ധന്റെ സന്ദേശങ്ങൾ മദ്ധ്യേഷ്യ, പൂർവേഷ്യ, റ്റിബറ്റ്, ശ്രീ ലങ്ക, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു.
പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ
പേർഷ്യൻ, ഗ്രീക്ക് കടന്നുകയറ്റങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ പ്രധാനമായ ചലനങ്ങൾ ഉണ്ടാക്കി. പേർഷ്യക്കാരുടെ രാഷ്ട്രീയ സംവിധാനങ്ങൾ മൌര്യ സാമ്രാജ്യത്തിലെ ഭരണം ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിൽക്കാല ഭരണ രൂപങ്ങളെ സ്വാധീനിച്ചു. ഇതിനു പുറമേ, ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടക്കുന്ന ഗാന്ധാരം ഇന്ത്യൻ, പേർഷ്യൻ, മദ്ധ്യേഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളുടെ ഒരു ചൂളയായി മാറി. ഇത് ഒരു സങ്കര സംസ്കാരത്തിന് - ഗ്രീക്കോ ബുദ്ധിസത്തിന് - ജന്മം നൽകി. ക്രി.വ. 5-ആം നൂറ്റാണ്ടുവരെ നിലനിന്ന ഈ സംസ്കാരം മഹായാന ബുദ്ധമതത്തിന്റെ കലാപരമായ വികാസത്തെ സ്വാധീനിച്ചു.
മഗധ സാമ്രാജ്യം
മൗര്യ സാമ്രാജ്യം
ചന്ദ്രഗുപ്തനു പിന്നാലെ മകനായ ബിന്ദുസാരൻ അധികാരത്തിൽ വന്നു. ബിന്ദുസാരൻ സാമ്രാജ്യം കലിംഗം ഒഴിച്ചുള്ള ഇന്നത്തെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇന്ത്യയുടെ തെക്കേ അതിരിലേയ്ക്കും കിഴക്കേ അതിരിലേയ്ക്കും ബിന്ദുസാരൻ സാമ്രാജ്യം വ്യാപിപ്പിച്ചു - ഈ പ്രദേശങ്ങൾക്ക് സാമന്തരാജ്യ പദവിയായിരുന്നിരിക്കാം എന്ന് കരുതുന്നു. ബിന്ദുസാരന്റെ സാമ്രാജ്യം മകനായ അശോക ചക്രവർത്തിയ്ക്ക് പരമ്പരാഗതമായി ലഭിച്ചു. ആദ്യകാലത്ത് അശോകൻ തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിച്ചു. കലിംഗ ആക്രമണത്തിന്റെ ഫലമായി ഉണ്ടായ വൻപിച്ച രക്തച്ചൊരിച്ചിലിനു പിന്നാലെ, അശോകൻ യുദ്ധമാർഗ്ഗം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിച്ച് അഹിംസാസിദ്ധാന്തത്തിന്റെ വക്താവായി മാറുകയും ചെയ്തു. അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകൾ. അശോകന്റെ കാലം മുതൽ, രാജവംശങ്ങളുടെ കാലഘട്ടം ഏകദേശം നിർണ്ണയിക്കുന്നത് ഇതുമൂലം സാദ്ധ്യമായി. അശോകനു കീഴിലുള്ള മൌര്യ സാമ്രാജ്യമാണ് കിഴക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളാകെ ബുദ്ധമത തത്ത്വങ്ങളുടെ പ്രചാരത്തിന് ഉത്തരവാദികൾ. ഇത് തെക്കേ ഏഷ്യയുടെ മൊത്തത്തിലുള്ള ചരിത്രത്തെയും വികാസത്തെയും അടിസ്ഥാനപരമായി സ്വാധീനിച്ചു. അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു.
മൌര്യർക്കു ശേഷമുള്ള മഗധ രാജവംശങ്ങൾ
മൌര്യ ഭരണാധികാരികളിൽ അവസാനത്തെയാളായ ബൃഹദ്രഥനെ അന്നത്തെ മൌര്യ സൈന്യത്തിന്റെ സേനാനായകനായ പുഷ്യമിത്ര സുങ്കൻ കൊലപ്പെടുത്തി, ക്രി.മു. 185-ൽ, അശോകന്റെ മരണത്തിന് ഏകദേശം 50 വർഷങ്ങൾക്കു ശേഷം, ശുംഗ സാമ്രാജ്യം സ്ഥാപിച്ചു. സുങ്ക രാജവംശത്തെ കണ്വ രാജവംശം സ്ഥാനഭ്രഷ്ടരാക്കി, ഇവർ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങൾ ക്രി.മു. 71 മുതൽ ക്രി.മു. 26 വരെ ഭരിച്ചു. ക്രി.മു. 30-ൽ, തെക്കൻ ശക്തികൾ കണ്വരെയും സുങ്കരെയും പരാജയപ്പെടുത്തി. കണ്വ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, ആന്ധ്രാ സാമ്രാജ്യത്തിലെ ശതവാഹന രാജവംശം മഗധ സാമ്രാജ്യത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായി.ആദ്യകാല മദ്ധ്യ സാമ്രാജ്യങ്ങൾ - സുവർണ്ണ കാലം
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ ഭാഗം, വിവിധ കാലഘട്ടങ്ങളിൽ, പാണ്ഡ്യ സാമ്രാജ്യം, ആദ്യകാല ചോളർ, ചേര സാമ്രാജ്യം, കാദംബ സാമ്രാജ്യം, പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം, പല്ലവർ, ചാലൂക്യർ തുടങ്ങിയ പല സാമ്രാജ്യങ്ങളും ഭരിച്ചു. പല തെക്കൻ സാമ്രാജ്യങ്ങളും തെക്കു കിഴക്കേ ഏഷ്യയിൽ പരന്നുകിടന്ന സമുദ്രാന്തര സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. തെക്കേ ഇന്ത്യയിലെ മേൽക്കോയ്മയ്ക്കായി ഈ സാമ്രാജ്യങ്ങൾ പരസ്പരവും, ഡെക്കാൻ രാഷ്ട്രങ്ങളുമായും യുദ്ധം ചെയ്തു. ദക്ഷിണേന്ത്യയിലെ ചോള, ചേര, പാണ്ഡ്യ ഭരണത്തിന്റെ മേൽക്കോയ്മയെ ഇടയ്ക്ക് കുറച്ചുകാലം കളഭ്രർ എന്ന ബുദ്ധമത സാമ്രാജ്യം തടസ്സപ്പെടുത്തി.
വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങൾ
ഇതിനു ശേഷം ശകർ എന്നും ഇന്തോ-സിഥിയർ എന്നും അറിയപ്പെടുന്ന മദ്ധ്യേഷ്യൻ വർഗ്ഗക്കാർ ഭരണം നടത്തി. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറ് മേഖലകളിൽ ഇവർ ഭരണകൂടങ്ങൾ സ്ഥാപിച്ചു. ഇവയിൽ ചില രാജവംശങ്ങൾ ഗുപ്തരാജാക്കാന്മാർ പിടിച്ചടക്കുന്നതുവരെ ഏകദേശം അഞ്ഞൂറു കൊല്ലക്കാലം ഭരണം നടത്തി[35]. ഇന്തോ-യൂറോപ്യൻ ശാകരുടെ (സിഥിയർ) ഒരു ശാഖയായിരുന്നു ഇന്തോ-സിഥിയർ. ഇവർ തെക്കൻ സൈബീരിയയിൽ നിന്നും ആദ്യം ബാക്ട്രിയയിലേയ്ക്കും, പിന്നീട് സോഗ്ദിയാന, കാശ്മീർ, അരക്കോസിയ, ഗാന്ധാരം, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കും, ഒടുവിൽ മദ്ധ്യ ഇന്ത്യ, പടിഞ്ഞാറൻ ഇന്ത്യ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേയ്ക്കും കുടിയേറി. ഇവരുടെ സാമ്രാജ്യം ക്രി.മു. 2-ആം നൂറ്റാണ്ടു മുതൽ ക്രി.മു. 1-ആം നൂറ്റാണ്ടുവരെ നിലനിന്നു. ഗാന്ധാരത്തിലെ കുശാണ രാജാവായ കുജുല കാഡ്ഫിസസ് തുടങ്ങിയ പല തദ്ദേശീയ നാടുവാഴികളെയും തോൽപ്പിച്ച് ഇന്തോ-പാർഥിയർ (പഹ്ലവർ എന്നും ഇവർ അറിയപ്പെടുന്നു) ഇന്നത്തെ അഫ്ഗാനിസ്ഥാനും വടക്കൻ പാകിസ്താനും നിലനിൽക്കുന്ന മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചടക്കി. ഗുപ്ത രാജാക്കന്മാരുടെ സമകാലികരായിരുന്ന പേർഷ്യയിലെ സസ്സാനിഡ് സാമ്രാജ്യം തങ്ങളുടെ ഭരണ പ്രദേശം ഇന്നത്തെ പാകിസ്താനിലേയ്ക്കും വ്യാപിപ്പിച്ചു. തത്ഫലമായി ഇന്ത്യൻ, പേർഷ്യൻ സംസ്കാരങ്ങളുടെ സങ്കലനം ഇന്തോ-സസ്സാനിഡ് സംസ്കാരത്തിന് ജന്മം നൽകി.
ഇന്ത്യയുമായുള്ള റോമൻ വ്യാപാരം
ക്രി.മു. 130-ൽ സിസിയസിലെ യൂഡോക്സസ് ആരംഭിച്ച വ്യാപാരം ക്രമേണ വർദ്ധിച്ചു. സ്ട്രാബോയുടെ അഭിപ്രായമനുസരിച്ച് (11.5.12.[36]), അഗസ്റ്റസിന്റെ കാലത്തോടെ, എല്ലാ വർഷവും മയോസ് ഹോർമോസിൽ നിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകൾ വരെ യാത്രതിരിച്ചു. ഈ കച്ചവടത്തിന് ധാരാളം സ്വർണ്ണം ഉപയോഗിച്ചു, ഇത് കുഷാണർ വീണ്ടും ഉരുക്കി തങ്ങളുടെ നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്രയധികം സ്വർണ്ണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതിനെക്കുറിച്ച് പ്ലിനി (NH VI.101) ഇങ്ങനെ പരാതിപ്പെടുന്നു:
ഈ വ്യാപാര മാർഗ്ഗങ്ങളും തുറമുഖങ്ങളും ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ രചിച്ച ഗ്രന്ഥമായ എറിത്രിയൻ കടലിലെ പെരിപ്ലസ് എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു."യാഥാസ്ഥിതിക കണക്കുകൾ അനുസരിച്ച് ഇന്ത്യ, ചൈന, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ എന്നിവ നൂറ് ദശലക്ഷം സെസ്റ്റർസ് സ്വർണ്ണം നമ്മുടെ സാമ്രാജ്യത്തിൽ നിന്നും എടുക്കുന്നു: ഇതാണ് നമ്മുടെ സുഖസൗകര്യങ്ങൾക്കും സ്ത്രീകൾക്കും നാം കൊടുക്കുന്ന വില. ഈ ഇറക്കുമതികളുടെ എന്തു ശതമാനമാണ് ദൈവങ്ങൾക്കുള്ള ബലിയ്ക്കോ മരിച്ചവരുടെ ആത്മാക്കൾക്കോ ആയി നീക്കിവെച്ചിരിക്കുന്നത്?"—പ്ലിനി, ഹിസ്റ്റോറിയ നാച്ചുറേ 12.41.84.[37]
ഗുപ്ത രാജവംശം
ഹെഫലൈറ്റ് സംഘത്തിന്റെ ഭാഗം എന്ന് അനുമാനിക്കുന്ന ഹൂണർ 5-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ അഫ്ഗാനിസ്ഥാനിൽ ശക്തമായി. ഇവർ തലസ്ഥാനം ബാമിയാനിൽ സ്ഥാപിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിന് കാരണക്കാർ ഇവരായിരുന്നു. ഹൂണരുടെ ആക്രമണം ചരിത്രകാരന്മാർ വടക്കേ ഇന്ത്യയുടെ സുവർണ്ണ കാലമായി കരുതുന്ന കാലഘട്ടത്തിന് അവസാനം കുറിച്ചു. എന്നിരിക്കിലും വടക്കേ ഇന്ത്യയിലെ ഈ രാഷ്ട്രീയ അസ്ഥിരത തെക്കേ ഇന്ത്യയെയോ ഡെക്കാൻ പ്രദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയുമോ സ്വാധീനിച്ചില്ല.
പിൽക്കാല മദ്ധ്യ സാമ്രാജ്യങ്ങൾ — ഉദാത്ത കാലഘട്ടം
ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കാനൂജിലെ ഹർഷൻ 7-ആം നൂറ്റാണ്ടിൽ തന്റെ ഭരണകാലത്ത് വടക്കേ ഇന്ത്യയെ ഒരുമിപ്പിക്കുന്നതിൽ വിജയിച്ചു. ഹർഷന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ സാമ്രാജ്യം ശിഥിലമായി. 7-ആം നൂറ്റാണ്ടുമുതൽ 9-ആം നൂറ്റാണ്ടുവരെ മൂന്ന് രാജവംശങ്ങൾ വടക്കൻ ഇന്ത്യയുടെ നിയന്ത്രണത്തിനായി മത്സരിച്ചു: മാൾവയിലെയും പിൽക്കാലത്ത് കാനൂജിലെയും പ്രതിഹാരർ, ബംഗാളിലെ പാലർ, ഡെക്കാനിലെ രാഷ്ട്രകൂടർ. പിൽക്കാലത്ത് സേന രാജവംശം പാല സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രതിഹാരർ വിവിധ നാട്ടുരാജ്യങ്ങളായി ചിതറി. ഈ നാട്ടുരാജ്യങ്ങളായിരുന്നു ആദ്യ രജപുത്ര രാജ്യങ്ങൾ - അനേകം രജപുത്ര രാജ്യങ്ങളിൽ ചിലത് പരിണാമങ്ങളോടെ ഒരു സഹസ്രാബ്ദത്തോളം, ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ, നിലനിന്നു. ലിഖിതചരിത്രമുള്ള ആദ്യത്തെ രജപുത്ര രാജ്യങ്ങൾ 6-ആം നൂറ്റാണ്ടിൽ രാജസ്ഥാനിലാണ് രൂപം കൊണ്ടത്. പിൽക്കാലത്ത് ചെറിയ രജപുത്ര രാജവംശങ്ങൾ വടക്കേ ഇന്ത്യയുടെ മിക്കഭാഗവും ഭരിച്ചു. രജപുത്രരിലെ ചൌഹാൻ രാജവംശത്തിലെ പൃഥ്വിരാജ് ചൗഹാൻ ആക്രമണകാരികളായ ഇസ്ലാമിക സുൽത്താനത്തുകളുമായുള്ള രക്തരൂക്ഷിത യുദ്ധങ്ങൾക്ക് പ്രശസ്തനാണ്. ഷാഹി രാജവംശം കിഴക്കൻ അഫ്ഗാനിസ്ഥാന്റെയും വടക്കൻ പാകിസ്താന്റെയും കാശ്മീരിന്റെയും ഭാഗങ്ങൾ 7-ആം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതൽ 11-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭരിച്ചു. ഹർഷ സാമ്രാജ്യത്തിന്റെ അവസാനത്തോടെ, ഇന്ത്യ മുഴുവൻ പരന്നുകിടക്കുന്ന ഒരു സാമ്രാജ്യം എന്ന വടക്കൻ ആശയം അവസാനിച്ചെങ്കിലും ഈ ആശയത്തിന് തെക്കോട്ട് സ്ഥാനചലനം സംഭവിച്ചു.
ക്രി.വ. 550 മുതൽ 770 വരെ കർണ്ണാടകത്തിലെ ബദാമി കേന്ദ്രമാക്കിയും, ക്രി.വ. 970 മുതൽ 1190 വരെ കർണ്ണാടകത്തിലെ കല്യാണി കേന്ദ്രമാക്കിയും തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഭാഗങ്ങൾ ഭരിച്ച സാമ്രാജ്യമാണ് ചാലൂക്യ സാമ്രാജ്യം. ഇതിനും തെക്കുഭാഗത്ത് ഭരിച്ചിരുന്ന കാഞ്ചിയിലെ പല്ലവർ ഇവർക്ക് സമകാലികരായിരുന്നു. ചാലൂക്യ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ, ഇവരുടെ കീഴിലെ പ്രഭുക്കളായിരുന്ന ഹലബീഡുവിലെ ഹൊയ്സാലർ, വാറങ്കലിലെ കാകാത്തിയർ, ദേവഗിരിയിലെ ശ്യൂന യാദവർ, കലചൂരി രാജവംശത്തിന്റെ ഒരു തെക്കൻ ശാഖ എന്നിവർ വിശാലമായ ചാലൂക്യ സാമ്രാജ്യത്തെ 12-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പങ്കിട്ടെടുത്തു. മദ്ധ്യകാലഘട്ടങ്ങളിൽ പിൽക്കാലത്ത് വടക്കൻ തമിഴ്നാടിൽ ചോള സാമ്രാജ്യവും കേരളത്തിൽ ചേര സാമ്രാജ്യവും നിലവിൽ വന്നു. ഈ രാഷ്ട്രങ്ങളെല്ലാം നാമാവശേഷമായത് വിജയനഗര സാമ്രാജ്യത്തിന്റെ ഉദയത്തിനു വഴിതെളിച്ചു. ഈ കാലത്ത് തെക്കേ ഇന്ത്യൻ സാമ്രാജ്യങ്ങൾ തങ്ങളുടെ സ്വാധീനം ഇന്തോനേഷ്യ വരെ വ്യാപിപ്പിച്ചു. ഇവ തെക്കുകിഴക്കേ ഏഷ്യയിൽ വലിയ സമുദ്രാന്തര സാമ്രാജ്യങ്ങളെ നിയന്ത്രിച്ചു. തെക്കേ ഇന്ത്യൻ തുറമുഖങ്ങൾ ഇന്ത്യൻ മഹാസമുദ്ര കച്ചവടത്തിൽ ഏർപ്പെട്ടു. പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ട ഇവർ പടിഞ്ഞാറ് റോമാ സാമ്രാജ്യവുമായും കിഴക്ക് തെക്കുകിഴക്കേ ഏഷ്യയുമായും കച്ചവടം ചെയ്തു. [38][39]സാഹിത്യം, തദ്ദേശീയ വാമൊഴികൾ, അനുപമമായ വാസ്തുവിദ്യ എന്നിവ 14-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്ക് പുഷ്കലമായി. 14-ആം നൂറ്റാണ്ടിൽ ദില്ലിയിലെ സുൽത്താന്റെ തെക്കൻ ആക്രമണങ്ങൾ ഈ രാഷ്ട്രങ്ങളെ ബാധിച്ചു. ഹിന്ദു വിജയനഗര സാമ്രാജ്യം (കർണാട രാജ്യം) ഇസ്ലാമിക ഭരണവുമായി (ബാഹ്മനി സാമ്രാജ്യം) യുദ്ധത്തിലേർപ്പെട്ടു. ഈ രണ്ട് സംസ്കാരങ്ങളുടെയും ഏറ്റുമുട്ടലിന്റെ ഫലമായി തദ്ദേശീയ സംസ്കാരവും വിദേശ സംസ്കാരവും തമ്മിൽ കലർന്നു. ഇത് രണ്ട് സംസ്കാരങ്ങളിലും ദീർഘകാലം നിലനിന്ന സാംസ്കാരിക സ്വാധീനം ചെലുത്തി. ദില്ലി കേന്ദ്രമാക്കി വടക്ക് അധികാരമുറപ്പിച്ച ഒന്നാം ദില്ലി സുൽത്താനത്തുകളിൽ നിന്നുള്ള സമ്മർദ്ദഫലമായി വിജയനഗര സാമ്രാജ്യം ക്രമേണ ക്ഷയിച്ചു.ഇസ്ലാമിക സുൽത്താനത്തുകൾ
ദില്ലി സുൽത്താനത്ത്
ഇന്ത്യയിൽ ആഭ്യന്തരയുദ്ധം നടക്കുന്നു എന്ന് വിവരം കിട്ടിയപ്പോൾ, തുർക്കോ-മംഗോൾ ആക്രമണകാരിയായ തിമൂർ 1398-ൽ വടക്കേ ഇന്ത്യൻ നഗരമായ ദില്ലിയിലെ തുഗ്ലക്ക് രാജവംശത്തിലെ സുൽത്താനായ നസിറുദ്ദീൻ മഹ്മൂദിനെ ആക്രമിക്കാൻ പടനയിച്ചു.[42] തിമൂർ സുൽത്താന്റെ സൈന്യത്തെ 1398 ഡിസംബർ 17-നു പരാജയപ്പെടുത്തി. തിമൂറിന്റെ സൈന്യം ദില്ലിയിൽ പ്രവേശിച്ച് നഗരം കൊള്ളയടിച്ചു, നശിപ്പിച്ചു, തകർന്ന നിലയിൽ ഉപേക്ഷിച്ചു.[43]
മുഗൾ കാലഘട്ടം
മുഗള കാലഘട്ടത്തിൽ പ്രധാന രാഷ്ട്രീയ ശക്തികൾ മുഗൾ സാമ്രാജ്യവും അതിന്റെ സാമന്തരാജ്യങ്ങളും, പിൽക്കാലത്ത് ഉയർന്നുവന്ന പിൻഗാമി രാഷ്ട്രങ്ങളുമായിരുന്നു. ഈ പിൻഗാമി രാഷ്ട്രങ്ങൾ, മറാത്ത പ്രവിശ്യ ഉൾപ്പെടെ - ക്ഷയിച്ചുകൊണ്ടിരുന്നതും ജനങ്ങളുടെ അപ്രീതിയ്ക്കു പാത്രവുമായ മുഗൾ രാജവംശത്തോട് യുദ്ധം ചെയ്തു. തങ്ങളുടെ സാമ്രാജ്യത്തെ അടക്കിനിറുത്താൻ പലപ്പൊഴും ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച മുഗളർക്ക് ഇന്ത്യൻ സംസ്കാരവുമായി സംയോജിക്കുക എന്ന നയമുണ്ടായിരുന്നു. അല്പകാലം മാത്രം നീണ്ടുനിന്ന ദില്ലി സുൽത്താനത്തുകൾ പരാജയപ്പെട്ടിടത്ത് വിജയിക്കാൻ ഇത് മുഗളരെ സഹായിച്ചു. മഹാനായ അക്ബർ ഈ നയത്തിന് പ്രത്യേകിച്ചും പ്രശസ്തനായിരുന്നു. ജൈനമതത്തിന്റെ വിശുദ്ധ ദിനങ്ങളിൽ അക്ബർ മൃഗങ്ങളെ കൊല്ലുന്നത് വിലക്കി ("അമരി" എന്ന് ഇത് അറിയപ്പെട്ടു). അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കംചെയ്തു. മുഗൾ ചക്രവർത്തിമാർ തദ്ദേശീയ രാജവംശങ്ങളിൽ നിന്നും വിവാഹം കഴിക്കുകയും തദ്ദേശീയ മഹാരാജാക്കന്മാരുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തു. മുഗളർ തങ്ങളുടെ ടർക്കോ-പേർഷ്യൻ സംസ്കാരത്തെ പുരാതനമായ ഇന്ത്യൻ രീതികളുമായി ഇണക്കിച്ചേർക്കാൻ ശ്രമിച്ചു. തത്ഫലമായി സവിശേഷമായ ഇന്തോ-സരസൻ വാസ്തുവിദ്യ രൂപപ്പെട്ടു. അവസാനത്തെ പ്രശസ്ത മുഗൾ ചക്രവർത്തിയായ ഔറംഗസേബ് മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തി, ഇസ്ലാമിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ഔറംഗസീബിന്റെ മത അസഹിഷ്ണുതയും നിയന്ത്രിക്കാൻ പറ്റാത്തത്ര പ്രദേശങ്ങൾ പിടിച്ചടക്കിയതും ഭരണത്തിലുള്ള ശ്രദ്ധക്കുറവും കേന്ദ്രീകരണവും മുഗളരുടെ പതനത്തിന്റെ കാരണങ്ങളിൽ പ്രധാനമാണ്.
മുഗളർക്കു ശേഷമുള്ള പ്രാദേശിക രാജ്യങ്ങൾ
ഏകദേശം ക്രി.വ. 1400-ൽ വഡയാർ രാജവംശം സ്ഥാപിച്ച തെക്കേ ഇന്ത്യയിലെ രാജ്യമായിരുന്നു മൈസൂർ. വഡയാറുകളുടെ ഭരണത്തെ ഹൈദരലിയും മകനായ ടിപ്പു സുൽത്താനും തടസ്സപ്പെടുത്തി. ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭരണകാലത്ത് മൈസൂർ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ഏർപ്പെട്ടു. ഇത് ചിലപ്പോൾ ബ്രിട്ടീഷ്, മറാഠ സഖ്യ സൈന്യങ്ങളോടും, മിക്കപ്പൊഴും ബ്രിട്ടീഷ് സൈന്യത്തോടുമായിരുന്നു. ഈ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ മൈസൂരിനെ ചെറിയതോതിൽ സഹായിക്കുകയോ, സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്തു. ഗോൽക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശമാണ് 1591-ൽ ഹൈദ്രബാദ് സ്ഥാപിച്ചത്. അല്പകാലത്തെ മുഗൾ ഭരണത്തിനു ശേഷം, ഒരു മുഗൾ ഉദ്യോഗസ്ഥനായ അസഫ് ജാ 1724-ൽ ഹൈദ്രബാദിന്റെ ഭരണം പിടിച്ചെടുത്ത് സ്വയം ഹൈദ്രബാദിന്റെ നിസാം-അൽ-മുൽക്ക് ആയി പ്രഖ്യാപിച്ചു. നിസാമുകൾ പരമ്പരാഗതമായി 1724 മുതൽ 1948 വരെ ഹൈദ്രബാദ് ഭരിച്ചു. മൈസൂറും ഹൈദ്രബാദും ബ്രിട്ടീഷ് ഇന്ത്യയിലെ സാമന്ത നാട്ടുരാജ്യങ്ങൾ (princely states) ആയി.
സിഖ് മതവിശ്വാസികൾ ഭരിച്ച പഞ്ചാബ് രാജ്യം ഇന്നത്തെ പഞ്ചാബ് പ്രദേശം ഭരിച്ച രാഷ്ട്രീയ സംവിധാനമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ അവസാനത്തെ സ്ഥലങ്ങളിൽ പഞ്ചാബ് ഉൾപ്പെടുന്നു. സിഖ് സാമ്രാജ്യത്തിന്റെ പതനം കുറിച്ചത് ആംഗ്ലോ-സിഖ് യുദ്ധങ്ങൾ ആണ്. 18-ആം നൂറ്റാണ്ടിൽ ഗൂർഖ ഭരണാധികാരികൾ ഇന്നത്തെ നേപ്പാൾ രാജ്യം രൂപവത്കരിച്ചു. ഷാ മാരും റാണമാരും നേപ്പാളിന്റെ ദേശീയ സ്വഭാവവും അഖണ്ഡതയും വളരെ കർക്കശമായി കാത്തുസൂക്ഷിച്ചു.
കൊളോണിയൽ കാലഘട്ടം
ബ്രിട്ടീഷ് കമ്പനിയുടെ ധാർഷ്ട്യത്തിനും ഭരണത്തിനും എതിരെ നടന്ന ആദ്യത്തെ പ്രധാന മുന്നേറ്റമായിരുന്നു 1857-ലെ ഇന്ത്യൻ കലാപം. ഇത് "ഇന്ത്യൻ ലഹള", "ശിപായി ലഹള", "ഒന്നാം സ്വാതന്ത്ര്യ സമരം", എന്നിങ്ങനെയും അറിയപ്പെടുന്നു. ഒരു വർഷത്തെ കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം പുതുതായി സംഘം ചേർന്ന ബ്രിട്ടീഷ് ഭടന്മാരുടെ സഹായത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഈ കലാപത്തെ അടിച്ചമർത്തി. ഈ കലാപത്തിന്റെ നാമമാത്ര നേതാവും അവസാനത്തെ മുഗൾ ചക്രവർത്തിയുമായ ബഹദൂർ ഷാ സഫറിനെ ബർമ്മയിലേയ്ക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ മക്കളെ ശിരച്ഛേദം ചെയ്തു, മുഗൾ തായ്‌വഴി നിരോധിച്ചു. ഈ കലാപത്തിനു ശേഷം എല്ലാ അധികാരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് കിരീടം ഏറ്റെടുത്തു, ബ്രിട്ടീഷ് കിരീടം ഇന്ത്യയുടെ മിക്കഭാഗവും ഒരു കോളനിയായി ഭരിക്കാൻ തുടങ്ങി. കമ്പനിയുടെ ഭൂപ്രദേശങ്ങൾ നേരിട്ടും ബാക്കിയുള്ളവ സാമന്ത രാജ്യങ്ങളിലൂടെയും ബ്രിട്ടീഷ് കിരീടം നിയന്ത്രിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരം
സ്വാതന്ത്ര്യവും വിഭജനവും
Part of a series on the ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രം | |
സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് | |
ബ്രിട്ടീഷ് ഭരണം (1858–1947) | |
ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857 - 1947) | |
ഇന്ത്യയുടെ വിഭജനം (1947) | |
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം | |
ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം (1947-49) | |
1947 ഇന്തോ-പാകിസ്താൻ യുദ്ധം | |
സംസ്ഥാന പുന:സംഘടനാ നിയമം (1956) | |
ചേരിചേരാ പ്രസ്ഥാനം (1956- ) | |
1965 ഇന്തോ-പാകിസ്താൻ യുദ്ധം | |
ഹരിതവിപ്ലവം (1970s) | |
1971 ഇന്തോ-പാകിസ്താൻ യുദ്ധം | |
അടിയന്തരാവസ്ഥ (1975-77) | |
സിയാച്ചിൻ സംഘട്ടനം (1984) | |
1987 ചൈന-ഇന്ത്യ സംഘട്ടനം | |
ഇന്ത്യ 1990-കളിൽ | |
കാർഗ്ഗിൽ യുദ്ധം (1999) | |
ഇതും കാണുക | |
ഇന്ത്യാ ചരിത്രം | |
തെക്കേ ഏഷ്യയുടെ ചരിത്രം | |
സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹത്തോടൊപ്പം, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയ്ക്കുള്ള പിരിമുറുക്കങ്ങളും വർഷങ്ങളായി വളർന്നുവന്നു. മുസ്ലീങ്ങൾ എന്നും ന്യൂനപക്ഷമായിരുന്നു. ഒരു ഹിന്ദു സർക്കാരിനുള്ള സാദ്ധ്യത അവരെ സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച് ആശങ്കാകുലരാക്കി. ബ്രിട്ടീഷ് ഭരണത്തെ എതിർത്തതുപോലെത്തന്നെ, ഹിന്ദു ഭരണത്തെ അവിശ്വസിക്കാനും അവർ താല്പര്യപ്പെട്ടു. 1915-ൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തുവന്നു. ഗാന്ധി ഇരു കൂട്ടരും തമ്മിൽ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഗാന്ധിയുടെ നേതൃപാടവം ഇന്ത്യൻ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ഘടകങ്ങളിൽ പ്രധാനമായിരുന്നു.
ഗാന്ധി ഇന്ത്യയിൽ ചെലുത്തിയ ഗാഢമായ സ്വാധീനവും, അഹിംസാമാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള ഗാന്ധിയുടെ കഴിവും ലോകം കണ്ടിട്ടുള്ള പ്രധാനപ്പെട്ട നേതാക്കളുടെ ഗണത്തിലേയ്ക്ക് ഗാന്ധിയെ ഉയർത്തി. ബ്രിട്ടീഷ് തുണി ഇറക്കുമതിയെ ചെറുക്കാൻ ഇന്ത്യയിൽ നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും, ഉപ്പ് കുത്തുക ലംഘിക്കുവാൻ ഉപ്പു സത്യാഗ്രഹം നയിക്കുകയും ചെയ്ത് ഗാന്ധി ഉദാഹരണത്തിലൂടെ നയിച്ചു. ഇന്ത്യക്കാർ ഗാന്ധിയ്ക്ക് മഹാത്മ (മഹാനായ ആത്മാവ്) എന്ന പേര് നൽകി. ഈ നാമം ആദ്യം നിർദ്ദേശിച്ചത് രബീന്ദ്രനാഥ് ടാഗോർ ആണ്. ബ്രിട്ടിഷുകാർ 1947-ൽ ഇന്ത്യ വിടും എന്ന് ഉറപ്പുനൽകി.
1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ യൂണിയൻ ഓഫ് ഇന്ത്യ, ഡൊമീനിയൻ ഓഫ് പാകിസ്താൻ എന്നിങ്ങനെ വിഭജിച്ചതിനു ശേഷം ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. വിഭജനത്തിനു മുൻപുള്ള പഞ്ചാബ്, ബംഗാൾ പ്രവിശ്യകളുടെ വിഘടനത്തിനു ശേഷം സിഖുകാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ എന്നിവർക്കിടയിൽ പഞ്ചാബ്, ബംഗാൾ, ദില്ലി എന്നിവിടങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഈ ലഹളകളിൽ അഞ്ച് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു.[54] ഈ കാലഘട്ടം ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൂട്ടപലായനങ്ങളിൽ ഒന്നിനും സാക്ഷ്യം വഹിച്ചു. 12 ദശലക്ഷത്തോളം ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവർ പുതുതായി സൃഷ്ടിച്ച ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കിടയ്ക്ക് പലായനം ചെയ്തു. [54]