ലേഖനങ്ങള്‍


ഇന്ത്യയുടെ ദേശീയപതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം അരയാൽ
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

ഇന്ത്യയുടെ ദേശീയ പതാക
FIAV 111000.svg അനുപാതം: 2:3
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.[1] ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.
ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്.[2] ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് .[3] പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം[2] ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.

രൂപകല്‌പന

പതാകയിൽ ഉപയോഗിക്കേണ്ട നിറങ്ങളുടെ വിശദവിവരം താഴെ ഉള്ള പട്ടികയിൽ കാണുന്നതാണ്.[1]
Scheme നിറം HTML CMYK Textile colour Pantone
കുങ്കുമം കുങ്കുമം #FF9933 0-50-90-0 Saffron 1495c
വെള്ള വെള്ള #FFFFFF 0-0-0-0 Cool Grey 1c
പച്ച പച്ച #138808 100-0-70-30 India green 362c
നാവിക നീല നാവിക നീല #000080 100-98-26-48 Navy blue 2755c

[തിരുത്തുക] പ്രതീകാത്മകത

ഇന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്യത്തിനു മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക അതിന്റെ ഔദ്യോഗികപതാകയായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമതവിഭാഗങ്ങളെയേയും ആണ് പ്രതിനിധാനം ചെയ്തിരുന്നത്. ഐർലാന്റിന്റെ ദേശീയപതാകയിലേതു പോലെ വെള്ള രണ്ട് പ്രധാന മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന വേറെ ഒരു വാദവും ഉണ്ടായിരുന്നു. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ മദ്ധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത ആയ മറ്റൊരു പതാക അതിന്റെ ഔദ്യോഗികപതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരെത്തെയുള്ള പതാകയെ പോലെ മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.
1947 ഓഗസ്റ്റ് 15-നു ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ[1] ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്. മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാൽ, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിർവചിക്കുകയും ചെയ്തു.
കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.[2]
കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്.

ചരിത്രം


ബ്രിട്ടീഷ് ഇന്ത്യയുടെ പതാക

ബ്രിട്ടീഷ് ഇന്ത്യൻ സേനയുടെ പതാക

കൽക്കത്ത പതാക

1907-ൽ ബികാജി കാമ ഉയർത്തിയ പതാക.

1917-ൽ ഹോം റൂൾ പ്രസ്ഥാനം ഉപയോഗിച്ചിരുന്ന പതാക.

1921-ൽ അനൌദ്യോഗികമായി സ്വീകരിച്ച പതാക.

1931-ൽ നിർദ്ദേശിക്കപ്പെട്ട ചർക്ക ആലേഖിതമായ കുങ്കുമ പതാക.

1931-ൽ സ്വീകരിക്കപ്പെട്ട പതാക. ഇതുതന്നെയായിരുന്നു ഇന്ത്യൻ നാഷണൽ ആർമിയുടെ പതാകയും.

സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച ഫ്രീ ഇന്ത്യ ലീജിയൻ എന്ന സേനയ്ക്കായി രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിൽ ഉയർത്തപ്പെട്ട ആസാദ് ഹിന്ദ് പതാക.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു്‌ ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ൽ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന 'ബന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.[1]
ബംഗാൾ വിഭജനത്തിനെതിരേ 07-08-1906 നു്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയതു്‌. ആ പതാകയാണു്‌ കൽക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.[4]
1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ ചുരുൾവിടർത്തി. മേൽഭാഗം ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്‌. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്‌, പച്ചപ്പട്ടയിൽ എട്ടു താമരകൾ ഒരു വരിയിൽ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്ത്‌ 'വന്ദേ മാതരം' എന്നു്‌ ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഭികാജി കാമ, സവർക്കർ, ശ്യാംജികൃഷ്ണ എന്നിവർ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക[4]. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ഇത്‌ ബർലിൻ സമിതിയിലെ ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽ ബർലിൻ കമ്മിറ്റി പതാക എന്നായിരുന്നു ഇത്‌ അറിയപ്പെട്ടിരുന്നതു്‌. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തു മെസപ്പൊട്ടാമിയയിലും സജീവമായി ഉപയോഗിച്ചുപോന്നതു്‌. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഐക്യനാടുകളിൽ ഖദർ ‍പാർട്ടി പതാകയും ഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.
ബാലഗംഗാധരതിലകും ആനിബസന്റും ചേർന്നു്‌ 1917-ൽ രൂപം നല്കിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചതു്‌ ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന സപ്തർഷി താരസമൂഹത്തിന്റെ(the constellation Ursa Major) മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ മുകൾഭാഗത്തു്‌ വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയതു്‌.[4]
1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനി, എസ്.പി. ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും, "ഇന്ത്യയുടെ മൂർത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയിൽ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയിൽ" ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോത്ഥാനത്തിന്റെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്‌.[3]
മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ടു്‌ മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു്‌ മുകളിൽ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു്‌ നടുവിൽ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പു്‌ എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളതു്‌. അഹമ്മദാബാദിൽ‍നടന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവർത്തിയതു്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.
എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിന്റെ ആയുധമായ ‘ഗദയും’ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. പിന്നീടു്‌ അതേ വർഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉൾക്കൊള്ളുന്നതും ഹിന്ദു സന്യാസിമാരുടെയും യോഗികളുടെയും എന്ന പോലെ മുസ്ലീം ഫക്കീറുകളേയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മൺചുവപ്പു നിറം"(geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ടായി. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്‌, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രിൽ 2-ന് കോൺഗ്രസ് പ്രവർത്തകസമിതി, ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിർദ്ദേശിച്ചതു്‌. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.[1]
പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിന്റെ സാമ്പത്തിക നവോത്ഥാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.
അതേ സമയം ഇന്ത്യൻ നാഷനൽ ആർമി ഈ പതാകയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു പോന്നു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നതു്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ടു്‌. മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.
1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബ്ദുൾ കലാം ആസാദ്, കെ.എം.പണിക്കർ, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്ഷി, ബി.ആർ. അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂൺ 23-ന് രൂപവത്കരിച്ച ആ പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം, 1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നു അവർ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.[5]

നിർമ്മാണ പ്രക്രിയ

1950-ൽ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യൻ നിലവാര കാര്യാലയം(ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് അഥവാ ബി.ഐ.എസ്) 1951-ൽ ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആദ്യമായി കൊണ്ടുവന്നു. 1964-ൽ, ഇവ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മെട്രിക്‌ സംവിധാനത്തിനു അനുരൂപമായി പുനഃപരിശോധന നടത്തി. ഈ മാർഗ്ഗനിർദ്ദേശങ്ങൾക്കു്‌ 1968 ഓഗസ്റ്റ് 17 നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു.[5] അളവുകൾ, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം, ചണനൂൽ തുടങ്ങി പതാകയുടെ നിർമ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം കർക്കശമാണു്‌. പതാകയുടെ നിർമ്മാണത്തിൽ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.[6]
Flag sizes
Size mm
1 6300 × 4200
2 3600 × 2400
3 2700 × 1800
4 1800 × 1200
5 1350 × 900
6 900 × 600
7 450 × 300
8 225 × 150
9 150 × 100

മുംബൈയിലെ മന്ത്രിസഭാ കാര്യാലയത്തിനു മുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഈ പതാകയാണ് ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടതിൽ ഏറ്റവും വലിയ ദേശീയ പതാക

മുകളിലെ പതാകയുടെ സൂക്ഷ്മ ദൃശ്യം
ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിനു്‌ ഉപയോഗിക്കാവൂ. ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ പരുത്തി, പട്ട്, കമ്പിളി എന്നിവയിൽ ഒതുങ്ങുന്നു. രണ്ടു തരത്തിലുള്ള ഖദർ ഉപയോഗിക്കുന്നതിൽ, ആദ്യത്തേതു്‌, പതാക നിർമ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേതു്‌ പതാകയെ കൊടിമരത്തോടു്‌ ബന്ധിപ്പിക്കുന്ന മഞ്ഞകലർന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണു്‌. ഒരു നെയ്ത്തിൽ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണു്‌ ഖാദികട്ടിത്തുണി നെയ്യുന്നതു്‌. ഒരു നെയ്തിൽ രണ്ടിഴകളുള്ള പരമ്പരാഗതരീതിയിൽ നിന്നു വ്യത്യസ്തമാണു്‌ ഇതു്‌. ഈ രീതിയിലുള്ള നെയ്ത്തു്‌ അപൂർവ്വമാണു്‌. ഇന്ത്യയിൽത്തന്നെ ഇതിനു കഴിയുന്ന നെയ്ത്തുകാർ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററിൽ കൃത്യമായും 150 ഇഴകളും ഒരു തുന്നലിൽ നാലു്‌ ഇഴകളും[6] ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രാം ഭാരവും വേണമെന്നു്‌ ഈ മാർഗ്ഗരേഖ അനുശാസിക്കുന്നു.[7][5]
ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണു്‌. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണു്‌.[5]
ഒരിക്കൽ ഖാദി നെയ്തു കഴിഞ്ഞാൽ അതു ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. വളരെ കർശനമായ പരിശോധനകൾക്കു ശേഷം അതു്‌ അംഗീകരിക്കപ്പെട്ടാൽ നിർമ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ചു്‌, യഥാവിധം ചായം കൊടുക്കുന്നു. നടുവിൽ അശോകചക്രം പാളിമുദ്രണം(screen printng) ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുന്നു. അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂർണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടു്‌. പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾക്കു്‌ ബി.ഐ.എസിന്റെ അന്തിമാംഗീകാരം കിട്ടിക്കഴിഞ്ഞാൽ അതു വിൽക്കാനാകും.[6]
ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട്‌. മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ മുകളിൽ മഹാരാഷ്ട്ര സർക്കാർ ഉപയോഗിച്ചിരിക്കുന്ന പതാകയാണു്‌ ഇന്ത്യയിലെ ഏറ്റവും വലിയ പതാക.[7]

പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങൾ

2002 ആണ്ടിനു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ നവീൻ ജിണ്ടാൽ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിച്ചു. അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയപതാക നിയമത്തിന്‌ എതിരായതിനാൽ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികൾക്കു വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയപതാകയെ അതിനുചിതമായ രീതിയിൽ പ്രദർശിപ്പിക്കുന്നത്‌ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്‌ തന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും ജിണ്ടാൽ വാദിച്ചു.[8] പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോൾ കോടതി ഇന്ത്യൻ സർക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26-ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.
ദേശീയപതാകാനിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും അതിലനുശാസിക്കുന്ന കീഴ്‌വഴക്കങ്ങൾ പതാകയുടെ അന്തസ്സു നിലനിർത്താൻ പരിപാലിക്കപ്പെടേണ്ടതാണെന്നും. ദേശീയപതാക പ്രദർശിപ്പിക്കാനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അർഹിക്കപ്പെട്ടവർക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആർട്ടിക്കിൾ 51A യോട്‌ ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യൻ സർക്കാർ v. നവീൻ ജിണ്ടാൽ കേസിന്റെ വിധി ന്യായത്തിൽ അനുശാസിക്കുന്നു.[9]ദേശീയപതാകയ്ക്കുള്ള ബഹുമാനം
ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002-ൽ ഉണ്ടാക്കിയ 'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരണങ്ങളുടെ ഭാഗമായോ യൂണിഫോമുകളുടെ ഭാഗമായോ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ 2005-ൽ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു. [10][11]

പതാക കൈകാര്യം ചെയ്യേണ്ട വിധം

പതാകയുടെ കൃത്യമായ പ്രദർശനം.
ദേശീയപതാക കൈകാര്യം ചെയ്യുമ്പോഴും പ്രദർശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങൾ ഉണ്ട്‌. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലർന്നതിനു ശേഷം ഉയർത്തേണ്ടതും അസ്തമയത്തിനു മുൻപ്‌ താഴ്ത്തേണ്ടതുമാകുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പൊതുമന്ദിരങ്ങൾക്കുമുകളിൽ രാത്രിയും പതാക പ്രദർശിപ്പിക്കാവുന്നതാണ്‌. തലകീഴായ രീതിയിൽ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദർശിപ്പിക്കരുതാത്തതാകുന്നു. പാരമ്പര്യ ചിട്ടകളുനുസരിച്ച്‌ കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേൽ കീഴ്‌ തിരിച്ചു കാണിക്കുവാനോ പാടില്ലാത്തതാകുന്നു. പതാക "വായിക്കുന്ന" (കാണുന്ന)ത്‌ ഒരു പുസ്തകം വായിക്കുന്നതുപോലെ ഇടതുനിന്ന്‌ വലത്തോട്ടും മുകളിൽ നിന്ന് താഴോട്ടുമായതുകൊണ്ടാണ്‌ ഇത്‌. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയിൽ പതാക പ്രദർശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയർ‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയിൽ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.[2]

ശരിയായ പ്രദർശനരീതി

IndiaFlagTwoNations.png
ദേശീയപതാകയുടെ ശരിയായ പ്രദർശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത്‌ ഒരു വേദിയിൽ രണ്ടു പതാകകൾ ഒരേ സമയം തിരശ്ചീനമായും, മുഴുവൻ വിടർത്തിയും പ്രദർശിപ്പിക്കുമ്പോൾ അവ രണ്ടിന്റേയും കൊടിമരത്തിനോടു ചേർന്നവശങ്ങൾ പരസ്പരം അഭിമുഖമായും കുങ്കുമവർണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്‌. ചെറിയ തണ്ടുകളിൽ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കിൽ അവ രണ്ടും പരസ്പരം കോണുകൾ ഉണ്ടാക്കത്തക്കവിധം ചുമരിൽ ഉറപ്പിച്ചിരിയ്ക്കണം. പതാകകൾ ഭംഗിയായ രീതിയിൽ വിടർത്തിയിട്ടിരിയ്ക്കുകയും വേണം. ദേശീയപതാക മേശകൾക്കോ, വായിക്കാനുള്ള പീഠങ്ങൾക്കോ, വേദികൾക്കോ അതോ കെട്ടിടങ്ങൾക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളിൽ നിന്നു തൂക്കിയിടുവാനോ പാടില്ലാത്തതാകുന്നു.[2]

 മറ്റു ദേശീയപതാകകൾക്കൊപ്പം.

ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയർത്തിയിരിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്‌. പ്രാധാന്യമുള്ള‌ രീതിയിൽ മാത്രമേ അതു പ്രദർശിപ്പിക്കാവൂ എന്നതാണ്‌ അതിലൊന്ന്. മറ്റു രാജ്യങ്ങളുടെ പതാകകൾ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിൽ ഉയർത്തിയിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത്‌ (കാണുന്നവർക്ക്‌ ഇടത്തേ അറ്റത്ത്‌) ആയിരിയ്ക്കണം. ഓരോ രാജ്യങ്ങളുടേയും പതാകകൾ പ്രത്യേകം കാലുകളിലായിരിയ്ക്കണം. ഒന്നിനുമുകളിൽ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകൾ ക്രമീകരിയ്ക്കാൻ പാടുള്ളതല്ല. പതാകകളുടെ വലിപ്പം ഏതാണ്ട്‌ ഒരുപോലെയായിരിയ്ക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.
പലപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയുടെ പതാക പ്രദശിപ്പിക്കാറുണ്ട്‌. പതാകകൾ ഒരു വൃത്തത്തിൽ പ്രദർശിപ്പിയ്ക്കുമ്പോൾ ഇന്ത്യയുടെ ദേശീയപതാക വൃത്തത്തിന്റെ തുടക്കത്തേയും ഘടികാരദിശയിൽ അടുത്തുവരുന്നത്‌ അക്ഷരമാലാ ക്രമത്തിൽ ആദ്യത്തേതും ആയിരിക്കണം. ഇന്ത്യയുടെ പതാക ആദ്യം ഉയർത്തുകയും അവസാനം താഴ്ത്തുകയും വേണം.
ഒന്നിനു കുറുകേ മറ്റൊന്നായി രണ്ടു പതാകകൾ വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക മുകളിലായും കാണുന്നവരുടെ ഇടതു വശത്തേയ്ക്കും വെച്ചിരിയ്ക്കണം. എന്നാൽ ഐക്യരാഷ്ട്രസഭയുടെ കൊടിയ്ക്കൊപ്പം വെച്ചിരിയ്ക്കുമ്പോൾ ഇന്ത്യയുടെ പതാക ഏതു വശത്തേയ്ക്കയിരിന്നാലും കുഴപ്പമില്ല. എന്നാലും പൊതുവായ കീഴ്‌വഴക്കം പതാക വലത്തേയറ്റത്ത്‌, അതിന്റെ മുഖമായിരിയ്ക്കുന്ന ദിശയിലേയ്ക്ക്‌ സൂചകവുമായി വെയ്ക്കുന്നതാണ്‌.[2]

ദേശീയപതാകകളല്ലാത്തവയ്‌ക്കൊപ്പം

IndiaFlagNonNational.png
വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ പതാകയോടൊപ്പമോ പരസ്യങ്ങളോടൊപ്പമോ ഇന്ത്യയുടെ ദേശീയപതാക പ്രദശിപ്പിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്‌. പതാകകൾ പ്രത്യേകം കാലുകളിലായിരിക്കണം ഉയർത്തേണ്ടത്‌. ഇന്ത്യയുടെ പതാക നടുവിലോ അല്ലെങ്കിൽ കാണുന്നയാളുടെ ഇടത്തേ അറ്റത്തോ ആയിരിക്കണം. ഇന്ത്യയുടെ പതാകയുടെ വീതി മറ്റുള്ളവയിലും അധികമായിരിക്കണം. ഇന്ത്യയുടെ പതാകയുടെ കാൽ മറ്റുള്ളവയുടേതിന്‌ ഒരു ചുവടു മുൻപിലായിരിയ്ക്കണം. എല്ലാ പതാകകളും ഒരേനിരയിലാണെങ്കിൽ ഇന്ത്യയുടെ പതാക മറ്റുള്ളവയിൽ നിന്ന് ഉയർന്നു നിൽക്കണം. ഘോഷയാത്രകളിലും മറ്റും പതാക പ്രദർശിപ്പിക്കുമ്പോൾ അത്‌ വഹിക്കുന്നവർ ഏറ്റവും മുൻപിലായി നടക്കേണ്ടതാണ്‌. എന്നാൽ ഒന്നിലധികം പതാകകൾ വഹിയ്ക്കുന്നവർ ഒരു നിരയായി നടക്കുമ്പോൾ ഇന്ത്യയുടെ പതാക വഹിക്കുന്നയാൾ നിരയുടെ വലത്തേയറ്റത്ത്‌ നടക്കേണ്ടതാണ്‌.[2]ദേശീയപതാക സദസ്സുകളിൽ ഉപയോഗിക്കുമ്പോൾ
ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദർശ്ശിപ്പിക്കാനുദ്ദേശിക്കുന്നെങ്കിൽ, അതു നടക്കുന്ന ഹാളിൽ വേദിയുടെ വലതുവശത്തായി,അതായതു സദസ്സിന്റെ ഇടതുവശത്തു വേണം പ്രദർശ്ശിപ്പിക്കേണ്ടതു്‌.കാരണം വലതുഭാഗം അധികാരത്തിന്റേതെന്നാണു സങ്കല്പം. അതുകൊണ്ട് വേദിയിൽ പ്രാസംഗികന്റെ തൊട്ടടുത്താണെങ്കിൽ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളിൽ വേറെ എവിടെയെങ്കിലുമാണെങ്കിൽ, സദസ്യരുടെ വലതുഭാഗത്തുമാണു്‌ പതാക പ്രദർശ്ശിപ്പിക്കേണ്ടത്.
IndiaFlagIndoors.png
കുങ്കുമപ്പട്ട മുകളിൽ വരത്തക്ക വിധം, കഴിയുന്നതും എല്ലാവർണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദർശ്ശിപ്പിക്കണം.വേദിക്കു പിന്നിലെ ചുവരിൽ ലംബമായി പതാക തൂക്കിയിടുകയാണെങ്കിൽ,അതു പിടിപ്പിച്ച ചരടു്‌ മുകൾഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോൾ, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.[2]

പരേഡുകളും ചടങ്ങുകളും

പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോൾ, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നിൽ മദ്ധ്യഭാഗത്തോ ആയിരിക്കണം. പ്രതിമ, സ്മാരകം, ശിലാഫലകം തുടങ്ങിയവയുടെ അനാവരണച്ചടങ്ങുകളിൽ, ഉത്കൃഷ്ടവും വ്യതിരിക്തവുമായ ഒരു പങ്കു്‌ ദേശീയപതാകയ്ക്കു വഹിക്കാനാവുമെങ്കിലും, ഒരിക്കലും അവയുടെ ആവരണമായി പതാക ഉപയോഗിക്കാൻ പാടില്ല. ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ചു തിരശ്ചീനമാക്കുകയോ തറയിൽ മുട്ടിക്കുകയോ ചെയ്യാൻ('ഡിപ്പിങ്') പാടുള്ളതല്ല. സൈനിക പതാകകളും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പതാകകളും ബഹുമാനസൂചകമായി 'ഡിപ്' ചെയ്യാവുന്നതാണു്‌.
IndiaFlagParade.png
ചടങ്ങുകളിൽ ദേശീയപതാക ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളിൽ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റൻഷനി'ൽ നിൽക്കേണ്ടതാണു്‌. യൂണിഫോമിൽ ഉള്ളവർ യഥോചിതമായി അഭിവാദ്യമർപ്പിക്കണം‌. ഒരു ഔദ്യോഗികാധികാരി അഭിവാദ്യം ചെയ്യുന്നതു ശിരോസ്തമില്ലാതെയായിരിക്കും. പതാകാവന്ദനം കഴിഞ്ഞാൽ ദേശീയഗാനാലാപനവും നടത്തണമെന്നുണ്ടു്‌.[2]

വാഹനങ്ങളിലെ പ്രദർശനം

വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ, ലഫ്റ്റനന്റ്‌ ഗവർണ്ണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, ഇന്ത്യൻ പാർലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയർ കാബിനറ്റ് അംഗങ്ങൾ, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷർ, രാജ്യസഭാ ചെയർമാൻ, നിയമനിർമ്മാണ സമിതി ചെയർമാൻ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി ചുരുക്കം ചിലർക്കു മാത്രമേയുള്ളൂ.
ആവശ്യമെന്നു കണ്ടാൽ മേല്പ്പറഞ്ഞവർക്കൊക്കെ ഔദ്യോഗിക വാഹനങ്ങളിൽ ദേശീയപതാക യുക്തമായി ഉപയോഗിക്കാവുന്നതാണു്‌. കാറിന്റെ മുൻഭാഗത്തെ മൂടിക്കു പുറത്തു മദ്ധ്യത്തിലായോ മുൻഭാഗത്തു വലതുവശത്തായോ ദണ്ഡിൽ പിടിപ്പിച്ചു പതാക ബലമായി നാട്ടണം. ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്ടവ്യക്തി സർക്കാർകാറിൽ യാത്ര ചെയ്യുകയാണെങ്കിൽ, ത്രിവർണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.
രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളിൽ സന്ദർശനത്തിനു പോകുമ്പോൾ, അവർ പോകുന്ന വിമാനത്തിൽ ദേശീയപതാക ഉപയോഗിക്കണം. ഒപ്പം, ആ രാജ്യത്തിന്റെ പതാകയാണു സാധാരണ ഉപയോഗിക്കേണ്ടതെങ്കിലും, യാത്രാമധ്യേ വേറെ ഏതെങ്കിലും രാജ്യങ്ങളിൽ വിമാനമിറങ്ങുകയാണെങ്കിൽ ഔദാര്യത്തിനുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാൻ അതാതിടങ്ങളിലെ ദേശീയപതാകയായിരിക്കണം പകരം ഉപയോഗിക്കേണ്ടതു്‌. ഭാരതത്തിനുള്ളിലാണെങ്കിൽ, രാഷ്ട്രപതിയുടെ സന്ദർശനങ്ങളിൽ രാഷ്ട്രപതി കയറുന്ന അല്ലെങ്കിൽ ഇറങ്ങുന്ന ഭാഗത്തു ദേശീയപതാക പ്രദർശിപ്പിക്കണം. രാഷ്ട്രപതി രാജ്യത്തിനകത്തു പ്രത്യേക തീവണ്ടിയാത്ര ചെയ്യുമ്പോൾ, ഡ്രൈവറുടെ കാബിനിൽ നിന്നു തീവണ്ടി പുറപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ വശം അഭിമുഖീകരിച്ചു പതാക പാറണം. തീവണ്ടി നിർത്തിയിട്ടിരിക്കുമ്പോഴും, ഏതെങ്കിലും സ്റ്റേഷനിൽ തങ്ങാനായി എത്തുമ്പോഴും മാത്രമേ ദേശീയ പതാക ഉപയോഗിക്കാവൂ.[2]

പതാക ഉയർത്തൽ


കേരളത്തിലെ അങ്കമാലിയിലെ ഒരു വിദ്യാലയത്തിൽ ദേശീയ പതാക ഉയർത്തിയിരിക്കുന്നു
രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദുഃഖാചരണ വേളകളിൽ,ത്രിവർണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌.ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവിൽ സൂചിപ്പിക്കാറുണ്ട്. പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകൾ പാലിയ്ക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയർത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയിൽനിന്നും പതാക പൂർണ്ണമായും ഉയർത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ നിര്യാണത്തിൽ അനുശോചിച്ചുള്ള ഔദ്യോഗിക ദുഃഖാചരണവേളയിൽ ഭാരതമൊട്ടുക്ക് ത്രിവർണ്ണപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ലോക്‌സഭാ സ്പീക്കർ,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർ മരിച്ചാൽ ദില്ലിയിൽ മുഴുവനും; കേന്ദ്രമന്ത്രിമാരുടെ നിര്യാണത്തിൽ ദില്ലിയിലും, ഓരോ സംസ്ഥാനങ്ങളുടേയും തലസ്ഥാനത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണ്ണറോ മുഖ്യമന്ത്രിയോ മരിച്ചാൽ അതാത് സംസ്ഥാനങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടാറുണ്ട്.
ഉച്ചയ്ക്ക് ശേഷമാണ്‌ മരണവിവരം ലഭിയ്ക്കുന്നതെങ്കിൽ തൊട്ടടുത്ത ദിവസം പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌. ആ ദിവസം പുലരുന്നതിനു മുൻപ് ശവസംസ്കാരം നടന്നിട്ടില്ലെങ്കിൽ മാത്രമേ ഇതു ചെയ്യാനാവൂ. സംസ്കാരസ്ഥലത്ത്, സംസ്കാരസമയത്ത് ആവശ്യമെങ്കിൽ പതാക താഴ്ത്തിക്കെട്ടാവുന്നതാണ്‌.
ഗണതന്ത്ര ദിനം(Republic Day), ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, ദേശീയവാരം (ഏപ്രിൽ 6 മുതൽ 13 വരെ) തുടങ്ങിയ ദേശീയാഘോഷവേളകളിൽ ദുഃഖാചരണം വന്നാൽ പതാക ഉയർത്തുന്നതിന്‌ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മൃതശരീരം ദർശനത്തിനു വച്ചിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുകളിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തി പ്രദർശിപ്പിക്കാവൂ. മൃതശരീരം കെട്ടിടത്തിൽ നിന്നും മാറ്റിയതിന്‌ ശേഷം ത്രിവർണ്ണ പതാക പൂർണ്ണമായും ഉയർത്തി പ്രദർശിപ്പിക്കേണ്ടതാണ്‌.
സൈനികരുടെ മരണാനന്തര ചടങ്ങുകളില് അവരോടുള്ള ആദരസൂചകമായി ശവപ്പെട്ടിയുടെ മുകളിലായി ദേശീയപതാക വിരിച്ചിടാറുണ്ട്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ദേശീയപതാക മൃതദേഹത്തിന്റെ കൂടെ മറവുചെയ്യാനോ ചിതയില് ദഹിപ്പിയ്ക്കാനോ പാടില്ല.[2]

നിർമാർജ്ജനം

തീർത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാൽ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിർമ്മാർജ്ജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണിൽ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.[2]

സമാന പതാകകൾ


നൈജറിന്റെ ദേശീയപതാക.

ഐവറി കോസ്റ്റിന്റെ ദേശീയപതാക.

ഐറിഷ് ദേശീയപതാക.

അമേരിക്കയിലെ മയാമി നഗരത്തിന്റെ ഔദ്യോഗിക പതാക.
ഇന്ത്യൻ ദേശീയപതാകയുമായി സാമ്യമുള്ള ഒന്നിലേറെ പതാകകളുണ്ട്. ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്. മുകളിൽ ഓറഞ്ച് മധ്യത്തിൽ വെള്ള താഴെ പച്ച എന്നിങ്ങനെയാണ് ഈ പതാകയുടെയും നിറവിന്യാസം. മധ്യത്തിൽ ഒരു വൃത്തവുമുണ്ട്. ഓറഞ്ച്, വെള്ള, പച്ച നിറങ്ങൾ ലംബമായി വിന്യസിച്ചിരിക്കുന്ന ഐവറികോസ്റ്റ്, അയർലണ്ട് എന്നീ രാജ്യങ്ങളുടെ ദേശീയപതാകൾക്കും ഇന്ത്യൻ പതാകയുമായി സാമ്യമുണ്ട്. അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ മയാമി നഗരത്തിന്റെ ഔദ്യോഗിക പതാകയുമായാണ് ഏറ്റവും സാദൃശ്യമുള്ളത് .

എമിലി ഡിക്കിൻസൺ

എമിലി ഡിക്കിൻസൺ
പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ കവയിത്രി ആയിരുന്നു എമിലി ഡിക്കിൻസൺ (ജനനം: ഡിസംബർ 10, 1830; മരണം മേയ് 15, 1886). 1800-നടുത്ത് കവിതകൾ എഴുതിയ അവരുടെ ഏഴു കവിതകൾ മാത്രമാണ് ജീവിതകാലത്ത് വെളിച്ചം കണ്ടത്. മരണവും അമർത്ത്യതയും കവിതയിൽ അവരുടെ ഇഷ്ടപ്രമേയങ്ങളായിരുന്നു. എമിലിയുടെ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ച കവിതകൾക്ക് ഏറെ ആസ്വാദകരുണ്ടായി. എങ്കിലും ആ കവിതകൾ അവയുടെ മൂലപാഠത്തിലെ സവിശേഷമായ വിരാമാദിചിഹ്നങ്ങളും, വർണ്ണനിഷ്ഠകളുമായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് തോമസ് ജോൺസന്റെ 1955-ലെ പതിപ്പിലാണ്.


സൗദി അറേബ്യൻ ഭൂപടത്തിൽ മക്കയുടെ സ്ഥാനം
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക. സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബെക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2007 ലെ ജനസംഖ്യാ കണക്കനുസരിച്ച് 1,700,000 ജനങ്ങൾ അധിവസിക്കുന്നു. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്ക സമുദ്ര നിരപ്പിൽ നിന്നും 277 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. ഹജ്ജ്, ഉംറ തീർഥാടന കേന്ദ്രം, സംസം കിണർ, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം തുടങ്ങി മത പ്രാധാന്യമുള്ള പ്രദേശമായ മക്കയിലേക്ക് മുസ്ലീങ്ങൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇബ്രാഹിം നബി അവരുടെ മകൻ ഇസ്മായിൽ നബിയുടെ സഹായത്തോടെ മരുഭൂമിയിൽ കഅബ പുനർനിർമ്മിക്കുന്നത് മുതലാണ് മക്കയുടെ ചരിത്രം ആരംഭിക്കുന്നത്.


അന്റാർട്ടിക്കയുടെ ഭൂപടം

താജ്‌ മഹൽ

താജ് മഹൽ
Native name:
ഹിന്ദി: ताज महल
Southern view of the Taj Mahal
Southern view of the Taj Mahal
Location: ആഗ്ര, ഇന്ത്യ
Coordinates: 27°10′29″N 78°02′32″E / 27.174799°N 78.042111°E / 27.174799; 78.042111
Elevation: 171 m (561 ft)
Built: 1632 - 1653
Architect: Ustad Ahmad Lahauri
Architectural style(s): Mughal
Visitation: More than 3 million (2003)
UNESCO World Heritage Site
Type: സാംസ്കാരികം
Criteria: i
Designated: 1983 (7th session)
Reference #: യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ
State Party:  ഇന്ത്യ
Region: Asia-Pacific
താജ്‌ മഹൽ is located in India
{{{alt}}}
Located in western Uttar Pradesh, India
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ (pronounced /tɑdʒ mə'hɑl/ ---- ഹിന്ദി: ताज महल; പേർഷ്യൻ/ഉർദു: تاج محل) ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. [1]. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.[2]

 ഉറവിടവും പ്രചോദനവും


ഷാജഹാൻ - കലാകാരന്റെ ഭാവനയിൽ. ഷാജഹാൻ ഗ്ലോബിനും മുകളിൽ എന്ന ചിത്രം,സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും

കലാകാരന്റെ ഭാവനയിൽ മുംതാസ് മഹൽ
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ 1631ൽ തന്റെ 14-ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നൽകുന്നതിനിടയിൽ (വിവാഹത്തിന്റെ പതിനെട്ടാം വർഷത്തിൽ) മരിച്ചു[3]. അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. [4] പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു. [5] [6] താജ് മഹലിന്റെ പണികൾ മുംതാസിന്റെ മരണത്തിനു ശേഷം ഉടൻ തന്നെ തുടങ്ങുകയുണ്ടായി. 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് പണിതീർന്നത്.
ഷാജഹാൻ ചക്രവർത്തി സ്വന്തം വാക്കുകളിൽ താജ്‌മഹലിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: (ഇംഗ്ലീഷിൽ വിവരിച്ചിരിക്കുന്നു:) [7]
Should guilty seek asylum here,
Like one pardoned, he becomes free from sin.
Should a sinner make his way to this mansion,
All his past sins are to be washed away.
The sight of this mansion creates sorrowing sighs;
And the sun and the moon shed tears from their eyes.
In this world this edifice has been made;
To display thereby the creator's glory.

ഹുമയൂണിന്റെ ശവകുടീരം താജ്‌മഹലിന്റെ വാസ്തുവിദ്യയുടെ സമാനതകൾ ഉൾക്കൊള്ളുന്ന ഒന്നാണ്.
താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. സമർകണ്ടിലെ ഗുർ-ഏ-അമീർ എന്ന കെട്ടിടം ,[8] ഹുമയൂണിന്റെ ശവകുടീരം (ചിലപ്പോൾ ചെറിയ താജ് എന്നും അറിയപ്പെടുന്നു), ഡെൽഹിയിലെ ഷാജഹാന്റെ സ്വന്തം ജുമാ മസ്ജിദ് എന്നിവയിൽ നിന്നും വാസ്തുവിദ്യ പ്രചോദനങ്ങൾ ഉൾകൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗൾ കെട്ടിടങ്ങൾ എല്ലാം തന്നെ ചുവന്ന മണൽക്കല്ലിലാണ്‌ പണിതിരുന്നത്. പക്ഷേ, ഷാജഹാൻ താജ് മഹൽ പണിയുന്നതിന് വെണ്ണക്കൽ തന്നെ കൂടാതെ വിലപിടിപ്പുള്ള മറ്റുചില കല്ലുകൾ എന്നിവ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മറ്റ് മുഗൾ കാലഘട്ടത്തെ കെട്ടിടങ്ങളേക്കാളും താജ് മഹലിന് ഒരു പ്രത്യേക ആകർഷണം തന്നെ ഉണ്ടാവുകയായിരുന്നു. [9]
മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോർ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയെഴുതിയിട്ടുണ്ട്[3].

വാസ്തുവിദ്യ

കുടീരം

താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാർബിളിൽ നിർമ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമ ചതുര സ്തംഭപാദത്തിൽ സ്ഥിതി ചെയ്യുന്നു. ഇതിനു ചുറ്റും പ്രതിസമതമായ പണിതീർത്തിരിക്കുന്ന ഭാഗങ്ങളും, ഇവാൻ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭഗോപുരവും സ്ഥിതിചെയ്യുന്നു. ഇത് സാധാരണ കാണുന്ന എല്ലാ മുഗൾ, പേർഷ്യൻ വാസ്തു വിദ്യയിലേയും പോലെ തന്നെ.

താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്.
താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ്. ഇതിന്റെ ഏകദേശ നീളം 55 മീ. ഓരോ വശത്തിനുമുണ്ട്. (അടിത്തറയുടെ പ്ലാൻ കാണുക). നീളമുള്ള വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്. മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്. ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ ചതുര സ്തംഭപാദത്തിന്റെ അകത്തെ പ്രധാന അറക്കുള്ളിൽ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികൾ അടക്കം ചെയ്തിരിക്കുന്നു. പക്ഷേ ഇവരുടെ യഥാർഥ ശവപ്പെട്ടികൾ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന നടുത്തള അറയുടെ മുകളിൽ ശവപ്പെട്ടിയുടെ ആകൃതിയിൽ പണി തീർത്തിരിക്കുന്നത് മാത്രമാണ്.
മാർബിൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും ആകർഷകം. ഇതിന്റെ ഉയരം കെട്ടിടത്തിന്റെ അടിത്തറയുടെ അത്ര തന്നെ ഉയരമുള്ള ഒന്നാണ്. ഏകദേശം 35 മീറ്റർ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റർ ഉയരമുണ്ട്. ഈ ഗോള സ്തംഭത്തിന്റെ രൂപസവിശേഷത കൊണ്ട് ഇതിനെ ഓനിയൻ ഡോം അഥവാ ഉള്ളിയുടെ ആകൃതിയുള്ള സ്തംഭം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏറ്റവും മുകളിലുള്ള ഈ ഗോള സ്തംഭത്തിന്റെ മുകളിൽ കമലത്തിന്റെ ആകൃതിയിൽ ഉള്ള ഒരു അഭികല്പന ചെയ്തിട്ടുള്ള ഒരു രൂപം ഉണ്ട്. ഈ വലിയ കമലാകൃതിയിലുള്ള രൂപത്തിന്റെ ചുറ്റും നാല് ചെറിയ സ്തൂപങ്ങൾ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ആകൃതിയും പ്രധാന സ്തൂപത്തിന്റെ ആകൃതിയിൽ തന്നെയാണ്. ഇതിനെ ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്നു. ഈ ചത്രി സ്തൂപങ്ങൾ പ്രധാന സ്തൂപത്തിന്റെ രൂപത്തിൽ തന്നെ നാലു വശത്തും സ്ഥിതി ചെയ്യുന്നു. ഇതിന്റെ അടിഭാഗം പ്രധാന കുംഭ ഗോപുരത്തിന്റെ അകത്തേക്ക് തുറന്ന് അതിനകത്തേക്ക് വെളിച്ചം തരുന്നു. അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിരിക്കുന്നു. ചത്രി കുംഭഗോപുരങ്ങൾ ഇവിടേയും നിർമ്മിച്ചിരിക്കുന്നു.
ഈ കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ലോഹത്തിന്റെ ഫിനിയൽ എന്ന പേർഷ്യൻ, ഹിന്ദു ചിത്രപ്പണികൾ ചെയ്തിരിക്കുന്ന ലോഹ സ്തൂപം സ്ഥിതി ചെയ്യുന്നു. ഈ ഫിനിയൽ എന്ന വൃത്താകൃതിയിലുള്ള നീളൻ സ്തൂപം ആദ്യം നിർമ്മിച്ച് സ്ഥാപിച്ചപ്പോൾ ഇത് സ്വർണ്ണം കൊണ്ടുള്ളതായിരുന്നു. കൊല്ലവർഷം 1800 വരെ ഈ സ്വർണ്ണം കൊണ്ട് നിർമ്മിച്ച സ്തൂപം ഇതിന്റെ മുകളിൽ സ്ഥിതി ചെയ്തിരുന്നു. പിന്നീട് ഈ സ്വർണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാർ എടുത്ത് മാറ്റി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്തൂപം വെങ്കലം കൊണ്ട് നിർമ്മിച്ച് സ്ഥാപിക്കുകയായിരുന്നു. ഈ ഫിനിയൽ സ്തൂപത്തിന്റെ മുകളിലായി അർദ്ധ ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിച്ച ഒരു ഫലകം സ്ഥിതി ചെയ്യുന്നു. ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മൊത്തത്തിലുള്ള ആകൃതി കണക്കാക്കുമ്പോൾ ഇത് ഒരു ത്രിശ്ശൂലത്തിന്റെ ആകൃതിയിൽ വരുന്നതു കൊണ്ട് ചിലർ ഇതിനെ മഹാ ശിവന്റെ തൃശൂലമായും കണക്കാക്കുന്നു. .[10]
പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി നാലു വലിയ മീനാരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ നാലു മീനാർ പുരദ്വാരങ്ങൾക്കും ഓരോന്നിനും 40 മീറ്റർ ഉയരമുണ്ട്. ഇവ താജ് മഹലിന്റെ പ്രതി സമത ആകൃതിയെ കാണിക്കുന്നു. നാലു മീനാരങ്ങൾക്കും തുല്യ ഉയരവും ആകൃതിയുമാണ് ഉള്ളത്. ഈ മീനാറുകൾ സ്വതവേ ഉള്ള മുസ്ലീം പള്ളികളുടെ ഗോപുരങ്ങൾ പോലെ തന്നെ നിർമ്മിച്ചിരിക്കുന്നു. ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ മുകളിലേക്ക് പോകുന്നതിൽ രണ്ട് ബാൽക്കണികളും ഏറ്റവും മുകളിലായി അവസാനത്തെ ബാൽക്കണിയും നിർമ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലുള്ള ബാൽക്കണിയിൽ പ്രധാന ഗോപുരത്തിന്റെ ആകൃതിയിലുള്ള ചത്രി സ്ഥിതി ചെയ്യുന്നു. പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള കമലാകൃതിയിലുള്ള സ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു. നാലു മീനാരുകളും പ്രധാന സ്തംഭപാദത്തിന്റെ മൂലയിൽ നിന്ന് കുറച്ച് വിട്ടിട്ടാണ് പണിതിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഈ മീനാറുകൾ തകരുകയാണെങ്കിൽ അത് പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴുന്നതിനായിട്ടാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത്.

പുറമേയുള്ള അലങ്കാരങ്ങൾ


പിസ്താക്കുകളിൽ സുന്ദരമായ കൈയക്ഷരം കൊണ്ടുള്ള വാസ്തുവിദ്യ
താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങൾ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ചും, കുമ്മായചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയുമാണ് ചെയ്തിരിക്കുന്നത്. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങൾ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങൾ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്.
താജ് മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്. ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായ അമാനത്ത് ഖാൻ ആണ്. ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് ജാസ്പർ എന്ന കല്ല് വെള്ള മാർബിളുകൾ കൊത്തി അതിൽ ഛുരിതം ചെയ്തിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളിൽ അല്പം വലിയ രീതിയിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ ശരിയായി കാണുവാൻ വേണ്ടിയിട്ടാണ് ഇത്. താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്ത് ഖുറാനിൽ നിന്നുള്ള വചനങ്ങളാണ്.[11][12] ഈ എഴുത്തുകൾ ഖുറാനിലെ താഴെ പറയുന്ന പ്രതിപാദ്യങ്ങളും സന്നിശ്ചയങ്ങളുമാണ്:
താജ് മഹലിന്റെ പ്രധാന കവാടത്തിൽ പ്രവേശിക്കുന്നവർ ഇങ്ങനെ എഴുതിയിരിക്കുന്നത് വായിക്കാൻ കഴിയുന്നു. (ഇംഗീഷിൽ:) "O Soul, thou art at rest. Return to the Lord at peace with Him, and He at peace with you."[13][12]
വളരെ സംഗ്രഹീതമായ രൂപങ്ങളാണ് താജ് മഹലിന്റെ ഓരോ ഭാഗങ്ങളായ പ്രധാന സ്തംഭപാദം, പ്രധാന കവാടം, മോസ്ക്, ജവാബ് എന്നിവിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു പരിധി വരെ ഇതിന്റെ തറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുംഭഗോപുരത്തിന്റേയും പ്രധാന കമാനത്തിന്റെ വളവിലും മറ്റും ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ കൃത്യമായ ജ്യാമീതീയ രൂപങ്ങൾ തീർത്തിരിക്കുന്നത്. എല്ലാ പ്രധാന അരികുകളിലും, ചുവരുകൾ ചേരുന്നിടത്തും ഹെറിങ്‌ബോൺ രീതിയിൽ കൊത്തുപണികൾ ചെയ്തിരിക്കുന്നു. വെള്ള ഉൾവശങ്ങളിൽ മണൽക്കല്ലുകൾ ഉപയോഗിച്ചിരിക്കുന്നു. അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്. എല്ലാ വശങ്ങളും കൃത്യമായ ജ്യാമീതീയ രൂപങ്ങൾ തീർത്തിരിക്കുന്നു. തറകളിലും നടപ്പാതകളിലും മാർബിൾ കൊണ്ടുള്ള ബ്ലോക്കുകൾ ടെസലേഷൻ ആകൃതിയിൽ വിരിച്ചിരിക്കുന്നത്.
താഴത്തെ ചുമരുകളിൽ സസ്യജാതികളുടെ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. എല്ലാ കൊത്തുപണികളും വെള്ള മാർബിളുകളിൽ യതാതഥ തോന്നും വിധം പുഷ്പങ്ങളുടേയും വള്ളി ലതാദികളുടെയും ആകൃതിയിൽ ചെയ്തിരിക്കുന്നു. ഈ കൊത്തുപണികൾ ചെയ്തിരിക്കുന്ന മാർബിളുകൾ നന്നായി മിനുക്കിയിരിക്കുന്നു. വെള്ള മാർബിളുകളിൽ തുരന്ന് ചെയ്തിരിക്കുന്ന സസ്യലതാദികളുടെ പണികൾ തുരന്ന് അതിനകത്ത് പല നിറത്തിലുള്ള മാർബിളുകൾ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ്. അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ, മാർബിൾ, ജാസ്പർ, ജേഡ് എന്നിവ ഉപയോഗിച്ചാണ്. ഇത് തുരന്ന് കൊത്തി വച്ചിരിക്കുന്നത് ചുമരിന്റെ അതേ നിരപ്പിൽ തന്നെയാണ്. ഒറ്റനോട്ടത്തിൽ തുരന്ന് കൊത്തി വച്ചിരിക്കുന്ന രീതിയിലാണെന്ന് തോന്നാത്ത രീതിയിലാണ്. ഇതിന്റെ പൂർണ്ണത ഇതിൽ കാണാവുന്നതാണ്.

അകത്തെ അലങ്കാരങ്ങൾ


മൃതദേഹം അടക്കം ചെയ്തതിനെ മറക്കുന്ന ജാലി യവനിക അഥവ മൂടാപ്പ്

ഷാജഹാൻ, മുംതാസ് മഹൽ എന്നിവരുടെ ശവകുടീരം

മൃതദേഹം അടക്കം ചെയ്തിരിക്കുന്ന അകത്തളങ്ങൾ
താജ് മഹലിന്റെ അകത്തളത്തിലെ കൊത്തുപണികൾ ഐതിഹാസിക കൊത്തുപണികളിൽ നിന്നും വളരെ ഉന്നതമാണ്. ഇവിടുത്തെ കൊത്തുപണികൾ പുറമേ ചെയ്തിരിക്കുന്ന തുരന്നുള്ള പണികളേക്കാൾ ഉന്നതമായ കൽകൊത്തുപണികളാണ്. ഇത് വളരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. ഇതിന്റെ എല്ലാ വശങ്ങളിൽ നിന്നും ഇതിലേക്കുള്ള പ്രവേശനമുണ്ട്. പക്ഷേ, തെക്കെ വശത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതിൽ മാത്രമേ ഇവിടെ ഉപയോഗിക്കാറുള്ളു. അകത്തെ അറയുടെ ചുവരുകൾക്ക് 25 മീറ്റർ ഉയരമുണ്ട്. ഇതിന്റെ മുകളിലായി സുര്യാകൃതിയിലുള്ള ഒരു സ്തൂപം സ്ഥാപിച്ചിരിക്കുന്നു. അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും മുകളിലത്തെ നിലയിൽ നിന്നും താഴത്തെ അറ കാണാവുന്നതാണ്. ഇതിനെ മറച്ചു കൊണ്ട് മാർബിൾ കൊണ്ടുള്ള ജാലി സ്ഥിതി ചെയ്യുന്നു. ജാലി മാർബിളിൽ തുരന്നു ചെയ്തിരിക്കുന്ന വല പോലുള്ള മൂടാപ്പ് ആണ്. അകത്തെ ഓരോ അറകളും വളരെ ഉന്നത രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിൽ തുരന്നുള്ള കൊത്തുപണികളും പുറത്തേ അകത്തളത്തിലുള്ള പോലെ കൈയെഴുത്ത് കൊത്തുപണികളും, വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തു പണികളും ചെയ്തിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ ശവകുടീരങ്ങളെ മറച്ചു കൊണ്ട് മാർബിൾ ജാലികൾ സ്ഥിതി ചെയ്യുന്നു. ഈ മാർബിൾ ജാലികൾ എട്ട് വശങ്ങളുള്ള ഒരു മാർബിൾ അറയാണ്. ഓരോ വശങ്ങളും സമാനമായ കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകൾ കൊണ്ട് സസ്യലതാദികളുടേയും വള്ളികളുടേയും ഫലങ്ങളുടേയും പുഷ്പങ്ങളുടേയും രൂപങ്ങൾ കൊത്തിയിരിക്കുന്നു.
മുസ്ലീം ആചാരമനുസരിച്ച് ശവകുടീരങ്ങൾ അലങ്കരിക്കുന്നത് നിഷേധകരമായ ഒരു കാര്യമായതിനാൽ ഷാജഹാൻ, മുംതാസ് മഹൽ എന്നിവരുടെ ശവകുടീരങ്ങൾ അകത്തേ അറയുടെ താഴെ തികച്ചും സമതലമായ ഒരു തറയിലാണ് സ്ഥിതി ചെയ്യുന്നത്. അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. മുംതാസ് മഹലിന്റെ ശവകല്ലറ അകത്തളത്തിന്റെ ഒത്ത നടുക്കായിട്ടാ‍ണ് വച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനം 1.5 മീ x 2.5 മീ വിസ്തീർണ്ണമുള്ള മാർബിൽ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ഈ മാർബിൾ ഫലകങ്ങളുടെ ചുറ്റിലും വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ മുംതാസിനെ പുകഴ്ത്തിക്കൊണ്ടുള്ള കൈയെഴുത്ത് കൊത്തു പണികളും ചെയ്തിരിക്കുന്നു. ഷാജഹാന്റെ ശവക്കല്ലറ മുംതാസിന്റെ കല്ലറയുടെ അടുത്തായി സ്ഥാപിച്ചിരിക്കുന്നു. ഇത് മാത്രമാണ് ഈ മൊത്തം കെട്ടിടത്തിൽ അസമതലമായി കാണാവുന്ന ഒന്ന്. മുംതാസിനേക്കാൾ അല്പം വലിപ്പം കൂടിയതാണ് ഷാജഹാന്റെ കല്ലറ. മുംതാസിന്റെ കല്ലറയുടെ പോലെ തന്നെ മാർബിൾ കൊണ്ടുള്ള ഒരു അറ ഇതിനും തീർത്തിരിക്കുന്നു. വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടും കൈയെഴുത്ത് കൊത്തു പണികളും കൊണ്ട് ഇതിനേയും അലങ്കരിച്ചിരിക്കുന്നു. കൈയെഴുത്ത് കൊത്തുപണികൾ ഷാജഹാനെ കുറിച്ചും അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് എഴുതിയിരിക്കുന്നു. ഈ അറയുടെ മുകളിലായി ഒരു പേനയുടെ ചെപ്പ് സ്ഥിതി ചെയ്യുന്നു. ഇത് മുഗൾ വംശജരുടെ ആചാരമനുസരിച്ച് ശവക്കല്ലറകളിൽ സ്ഥാപിക്കുന്ന ഒന്നാണ്. ഇതു കൂടാതെ ദൈവത്തിന്റെ പത്തൊൻപത് പേരുകൾ ഇവിടെ കൊത്തി എഴുതിയിരിക്കുന്നു. ഇതിന്റെ കൊത്തു പണികളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, (ഇംഗ്ലീഷിൽ:) "O Noble, O Magnificent, O Majestic, O Unique, O Eternal, O Glorious... ". ഷാജഹാന്റെ കുടീരത്തിന്റെ മുകളിൽ ഇങ്ങനെ കൊത്തി എഴുതിയിരിക്കുന്നു, (ഇംഗ്ലീഷിൽ:) ; "He traveled from this world to the banquet-hall of Eternity on the night of the twenty-sixth of the month of Rajab, in the year 1076 Hijri."

 ഉദ്യാനം


ചഹർ ബാഗ് ഉദ്യാനത്തിന്റെ 360° പനോരമ ദൃശ്യം
താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനം ഉയർത്തിയ വഴികൾ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളെ 16 പൂത്തടങ്ങളായി തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി ഉയർത്തി പണിതിരിക്കുന്ന ഒരു മാർബിൾ വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു. താജ് കുടീരത്തിന്റേയും പ്രധാന തെക്കേ വാതിലിന്റേയും ഏകദേശം പകുതി വഴിയിലായിട്ടാണ് ഈ മാർബിൾ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ മാർബിൾ ടാങ്കിലെ വെള്ളത്തിൽ താജ് മാഹലിന്റെ പ്രതിഫലനം തെക്ക് വടക്ക് ഭാഗത്തായി കാ‍ണാവുന്നതാണ്. മറ്റു ഭാഗങ്ങളിൽ ഉദ്യാനം പലവിധ മരങ്ങൾ കൊണ്ടും ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ട് അലങ്കൃതമാണ്. .[14] ഉയർത്തി പണിതിരിക്കുന്ന ഈ മാർബിൾ വെള്ള ടാങ്ക് അൽ ഹവ്‌ദ് അൽ-കവ്‌താർ എന്നറിയപ്പെടുന്നു. .[15] പേർഷ്യൻ ഉദ്യാനങ്ങളുടെ മാതൃകയിൽ നിന്നും പ്രചോദനം കൊണ്ടിരിക്കുന്ന ചാർബാഗ് ഉദ്യാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗൾ ചക്രവർത്തിയായ ബാബർ ആയിരുന്നു.

പ്രതിഫലിക്കുന്ന വെള്ള ച്ചാട്ടങ്ങളുടെ അരികിലൂടെയുള്ള പാതകൾ
എല്ലാ മുഗൾ ഉദ്യാനങ്ങളിലെ പോലെ അല്ല താജ് ഉദ്യാനത്തിലെ കുടീരം. സാധാരണ ഉദ്യാനത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കുടീരം ഉദ്യാനത്തിന്റെ അറ്റത്തായിട്ടാണ് സ്ഥിതി ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇതിനെ നിലാവിന്റെ ഉദ്യാനം എന്ന് അറിയപ്പെടുന്നു. .[16] ഈ ഉദ്യാനത്തിന്റെ വാസ്തുവിദ്യകൾ, ഇതിന്റെ അടിസ്ഥാനം, ഇഷ്ടികകൾ വിരിച്ചിരിക്കുന്ന രീതികൾ, വെള്ളച്ചാട്ടങ്ങൾ, മാർബിൾ നടപ്പാതകൾ, ജ്യാമീതീയ രീതിയിലുള്ള പൂത്തടങ്ങൾ എന്നിവ ജമ്മു കാശീരിലെ ഷാലിമാർ ഉദ്യാനത്തിന്റെ പോലെ സാമ്യമുള്ളതിനാൽ ഇതിന്റെ രൂപകല്പന ചെയ്തിരിക്കുന്നത് ഷാലിമാർ ഉദ്യാനം രൂപകല്പന ചെയ്തിരിക്കുന്ന എൻ‌ജിനീയറാ‍യ അലി മർദാൻ തന്നെ ആണെന്ന് കണക്കാക്കപ്പെടുന്നു. [17] ഇവിടുത്തെ ആദ്യകാല കണക്കനുസരിച്ച് ഇവിടെ റോസ്, ഡാഫോഡിൽ‌സ്, ഫലവൃക്ഷങ്ങൾ എന്നിവ ധാരാളമായി നില നിന്നിരുന്നതായി കണക്കാക്കുന്നു. [18] മുഗൾ വംശത്തിന്റെ അവസാനത്തോടെ പിന്നീട് വന്ന ബ്രിട്ടീഷ് വംശജർ ഇതിന്റെ രൂപഭാവങ്ങൾ ലണ്ടനിലെ ഉദ്യാനങ്ങളുടെ മാതൃകയിലാക്കുകയായിരുന്നു. [19]

ചുറ്റുമുള്ള കെട്ടിടങ്ങൾ


പ്രധാന കവാടമായ ദർവാസ-ഇ റൌസ - ഗേറ്റ്വേ ടു താജ് മഹൽ
താജ് മഹൽ മൊത്ത കെട്ടിട സമുച്ചയം ചുറ്റിലും ചെത്തി ഭംഗി വരുത്തിയിരിക്കുന്ന ചെങ്കൽ കൊണ്ടും ചുമരുകളും കൊണ്ട് മറച്ചിരിക്കുന്നു. മൂന്നു വശങ്ങൾ ഇങ്ങനെ മറച്ചിരിക്കുന്നു. യമുന നദിയുടെ ഭാഗം തുറന്നിരിക്കുന്നു. ഈ ചുമരുകൾക്ക് ചുറ്റിലും കുറെ അധികം ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും മുംതാസിന്റെ പ്രിയപ്പെട്ട ദാസിയുടെയും ശവകുടീരവും സ്ഥിതി ചെയ്യുന്നു. ഈ സമുച്ചയങ്ങളെല്ലാം ചെങ്കല്ല് കൊണ്ട് നിർമ്മിതമാണ്. ഇത് സാധാരണ മുഗൾ കെട്ടിടങ്ങൾ പോലെ തന്നെയാണ്. ഉദ്യാനങ്ങളെ അഭിമുഖീകരിക്കുന്ന ഈ കെട്ടിടങ്ങളുടെ വശങ്ങൾ ഒരു സാധാരണ കാണുന്ന ഹിന്ദു അമ്പലങ്ങളുടെ പോലെയായിരുന്നു. പിന്നീട് ഇതിനു മുകളിൽ ഒരു മോസ്ക് സ്ഥാപിക്കുകയും ഇതിന്റെ രൂപഭാവം മുസ്ലീം മോസ്ക് പോലെ ആക്കുകയായിരുന്നു. താജ് മഹലിന്റെ പോലെ മുകളിൽ ചത്രികളും ഇതിൽ സ്ഥാപിച്ചിരിക്കുന്നു. ഈ കെട്ടിടം ഇപ്പോൾ ഒരു മ്യൂസിയം ആയി ഉപയോഗിക്കുന്നു. പ്രധാന വാതിൽ (ദർവാസ) ഒരു സ്മാരക സമുച്ചയമാണ്. ഇതിൽ മാർബിൾ, ചെങ്കല്ല് എന്നിവയുടെ മിശ്രിതമായിട്ടാണ് പണിതിരിക്കുന്നത്. ഇതിന്റെ കമാനാകൃതിയിലുള്ള വാതിൽ മുഗൾ വംശജരുടെ സ്ഥായിയായ വാസ്തു രൂപമാണ്. ഇതിന്റെ മുകളിലും കൈയെഴുത്ത് കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ പുഷ്പ അലങ്കാരങ്ങൾ കൊണ്ട് തുരന്ന കൊത്തു പണികളും ഇതിൽ ചെയ്തിരിക്കുന്നു. ഇതിന്റെ മുകളിൽ കമാനാകൃതമായ മേൽത്തട്ട്, ചുമർ എന്നിവയിൽ സമാനാകൃതമായ ജ്യാമീതീയ രൂപങ്ങൾ കൊണ്ട് കൊത്തു പണികൾ ചെയ്തിരിക്കുന്നു.

താജ് മഹൽ മോസ്ക് അഥവ മസ്ജിദ്
താജ് മഹൽ കെട്ടിട സമുച്ചയത്തിന്റെ രണ്ട് അറ്റങ്ങളിലായി ചെങ്കല്ല് കൊണ്ട് പണി തീർത്ത ഓരോ വലിയ കെട്ടിടങ്ങൾ കുടീരത്തെ അഭിമുഖീകരിച്ചു കൊണ്ട് നില നിൽക്കുന്നു. ഇത് പടിഞ്ഞാറ് കിഴക്ക് വശങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഈ രണ്ട് കെട്ടിടങ്ങൾ എല്ലാ രീതിയിലും ഒരേ പോലെയാണ്. പടിഞ്ഞാ‍റെ വശത്തെ കെട്ടിടം മോസ്ക് ആയി ഉപയോഗിക്കുന്നു. കിഴക്ക് വശത്തെ കെട്ടിടം ജവാബ് (ഉത്തരം) എന്ന പേരിൽ അറിയപ്പെടുന്നു. ഇത് പ്രധാനമായും വാസ്തു വിദ്യയുടെ സമീകരണ കെട്ടിടമായി നിലനിൽക്കുന്നു. ഇത് മുൻപ് ഒരു അഥിർഹി മന്ദിരമായി ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു . ഈ രണ്ട് കെട്ടിടങ്ങളും ജ്യാമീതിയ പരമായ കൃത്യമായി രൂപകല്പന ചെയ്തിരിക്കുന്നു. പടിഞ്ഞാറെ മോസ്ക് കെട്ടിടത്തിന്റെ തറയിൽ 569 പ്രാർഥന ഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു. മോസ്കിന്റെ അടിസ്ഥാന രൂപകല്പന ഷാജഹാൻ പണി കഴിപ്പിച്ചിരിക്കുന്ന മറ്റു കെട്ടിടങ്ങളെപ്പോലെ തന്നെയാണ്. ഇതിന്റെ രൂപകല്പന ഡെൽഹിയിലെ ജുമാ മസ്ജിദ് പോലെ തന്നെയാണ്. ഈ കൂടെയുള്ള കെട്ടിടങ്ങൾ 1643 ഓടെ പൂർത്തീകരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.

നിർമ്മാണം


തറയുടെ സ്ഥാന നിർണ്ണയ രൂപകല്പന
താജ് മഹൽ പണിതീർത്തിരിക്കുന്നത് ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന ആഗ്ര നഗരത്തിന്റെ തെക്ക് ഭാഗത്തായുള്ള ഭൂമിയിലാണ്. ഇത് യമുന നദിയുടെ തീരത്തായുള്ള ഭൂമിയാണ്. അന്നത്തെ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ മഹാരാജ ജയ് സിംഗിൽ നിന്നും വാങ്ങിയ ഭൂമിയാണ് ഇത്. ഇതിനു പകരമായി ഷാജഹാൻ മഹാരാജ ജയ് സിങിന് ഒരു കൊട്ടാരം നൽകി എന്നാണ് പറയപ്പെടുന്നത്. [20] മൂന്ന് ഏക്കറോളം വരുന്ന ഈ മൊത്തം ഭൂമി ആദ്യം നിരപ്പാക്കി എടുക്കുകയും പിന്നീട് യമുന നദിയുടെ ഒഴുക്കിന്റെ നിരപ്പിൽ നിന്നും 50 മീറ്ററോളം ഉയരത്തിൽ നിരത്തി എടുക്കുകയായിരുന്നു. കുടീരം പണിത ഭാഗങ്ങളിൽ കിണറുകൾ പണിത് അതിൽ കല്ലും മറ്റു ഖരപദാർഥങ്ങളും ഇതിന്റെ അടിത്തറയായി പണി തീർത്തു. മുളകൾ കൊണ്ട് തട്ട് തീർക്കുന്നതിനു പകരം കുടീരം പണിയുന്നതിനായി തൊഴിലാളികൾ ഇഷ്ടികകൾ കൊണ്ടുള്ള ഭീമാകാരമായ ഒരു തൂക്കുമരത്തട്ട് കുടീരത്തിന്റെ അതേ വലിപ്പത്തിൽ തീർത്തു. അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്. ഇത്ര വലിയ ഒരു തൂക്കുമരത്തട്ട് പൊളിക്കാൻ വർഷങ്ങൾ എടുക്കുമെന്ന് ഇതിന്റെ മേൽനോട്ടക്കാർ കണക്കാക്കിയിരുന്നു. പക്ഷേ, ചക്രവർത്തി ഷാജഹാൻ, ഇതിൽ നിന്നുള്ള ഇഷ്ടികകൾ ആരും ഉപയോഗിക്കാതിരിക്കാൻ ഒറ്റ രാത്രി കൊണ്ട് ഈ ഭീമാകാരമായ തൂക്കുമരത്തട്ട് കർഷകരെ കൊണ്ടും പണിക്കാരെ ഉപയോഗിച്ചും പൊളിപ്പിക്കുകയായിരുന്നു. 15 കി. മീ. നീളമുള്ള ഒരു ഭൂഗർഭ പാത മാർബിളുകൾ കൊണ്ട് വരാനായി നിർമ്മിച്ചു. ഓരോ 20 മുതൽ മുപ്പത് വരെയുള്ള പണിക്കാർ ചേർന്നാണ് ഓരോ മാർബിൾ ഫലകങ്ങളും പണി സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. ഇത് പ്രത്യേകം പണി തീർത്ത വണ്ടികളിലാണ് എത്തിച്ചിരുന്നത്. വിപുലീകരിച്ച സംവിധാനമുള്ള ഒരു കപ്പി സംവിധാനം ഉപയോഗിച്ചാണ് വലിയ മാർബിൾ ഫലകങ്ങൾ മുകളിലേക്ക് അതിന്റെ സ്ഥാനങ്ങളിൽ എത്തിച്ചിരുന്നത്. ആവശ്യത്തിനുള്ള വെള്ളം എത്തിച്ചിരുന്നത് യമുന നദിയിൽ നിന്നും പ്രത്യേക മൃഗങ്ങളെ ഉപയോഗിച്ച് വലിച്ചിരുന്ന ടാങ്കുകളിലായിരുന്നു. ഇത് ഒരു പ്രധാന സംഭരണിയും അതിന്റെ അനുബന്ധമായി ചെറിയ സംഭരണികളും വെള്ളത്തിന്റെ വിതരണത്തിനായി നിർമ്മിച്ച് ഉപയോഗിച്ചിരുന്നു. അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാന സ്തംഭപാദവും കുടീരവും പണിതീരുന്നതിനായി 12 വർഷങ്ങൾ എടുത്തു. ബാക്കി സമുച്ചയത്തിന്റെ ഭാഗങ്ങൾ പണി തീരുന്നതിനായി 10 വർഷങ്ങൾ കൂടി എടുത്തു. ഇതിൽ മീനാറുകൾ, മോസ്ക്, ജവാബ്, പ്രധാന തെക്കെ കവാടം എന്നിവ ഉൾപ്പെടുന്നു. ഈ മൊത്തം സമുച്ചയം പല ഭാഗങ്ങളിലായി പണിതതിനാൽ ഇപ്പോഴും ഇതിന്റെ ആരംഭ, അവസാന സമയങ്ങളിൽ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു. ശവകുടീരം പണിതീർന്നത് 1643 ലാണെന്ന് പറയപ്പെടുന്നു. പക്ഷേ, ബാക്കി പണികൾ അതിനു ശേഷവും തുടർന്നു എന്നും പറയപ്പെടുന്നു. ഇതിന്റെ പണി തീരാൻ എടുത്ത ചെലവുകളുടെ കാര്യത്തിലും അന്നത്തെ സമയത്തെ കണക്കുകൂട്ടൽ പ്രകാരം പല പൊരുത്തക്കേടുകളും സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷേ ഏകദേശ കണക്കനുസരിച്ച് അക്കാലത്തെ 32 ദശലക്ഷം രൂപ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച ഇത് പതിന്മടങ്ങ് കോടി രൂപയോളമോ അതിലധികമോ ആണെന്ന് കണക്കാക്കപ്പെടുന്നു. [21]
താജ് മഹൽ പണിയുന്നതിനായി ഏഷ്യയുടെ വിവിധഭാഗങ്ങളിൽ നിന്നും സാധന സാമഗ്രികൾ എത്തിച്ചു എന്ന് കണക്കാക്കുന്നു. ഇതിനു വേണ്ടി ആയിരത്തിലധികം ആനകളെ സാധനങ്ങൾ പണി സ്ഥലത്തേക്കെത്തിക്കുന്നതിനായി ഉപയോഗിച്ചു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മാർബിൾ രാജസ്ഥാനിൽ നിന്നും ജാസ്‌പർ കല്ലുകൾ പഞ്ചാബിൽ നിന്നും , ജേഡ്, ക്രിസ്റ്റൽ എന്നിവ ചൈനയിൽ നിന്നുമാണ് കൊണ്ട് വന്നത്. ഇതു കൂടാ‍തെ തിബെത്ത്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പലവിധ കല്ലുകൾ കൊണ്ടു വന്നിരുന്നു. കൂടാതെ അറേബ്യയിൽ നിന്നും വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടു വന്നിരുന്നു. വെള്ള മാർബിളുകളിൽ ഈ പറഞ്ഞ സ്ഥലങ്ങളിൽ നിന്നും കൊണ്ടു വന്ന 28 തരത്തിലുള്ള വില പിടിപ്പുള്ള കല്ലുകൾ പിടിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ വെള്ള മാർബിൾ ജയ്പൂരിലെ ഒരു ഹിന്ദു രാജാവാണ്‌ നൽകിയത്[3].

കലാകാരന്റെ ഭാവനയിൽ താജ് മഹൽ സ്മിത്‌സോണിയൻ ഇൻസ്റ്റുസ്റ്റ്യൂഷനിൽ നിന്നും
താജ് മഹലിന്റെ പണികൾക്കു വേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലാളികളെ വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടു വന്നു. ബുക്കാറയിൽ നിന്നും കാരുകന്മാരേയും, സിറിയ, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് കൈയെഴുത്ത് കൊത്തു പണിക്കാരെയും, തെക്കെ ഇന്ത്യയിൽ നിന്ന് തുരന്ന് കൊത്തു പണി നടത്തുന്നവരേയും, ബലൂചിസ്ഥാനിൽ നിന്ന് മാർബിൾ മുറിയ്ക്കുന്നവരേയും കൊണ്ടു വന്നു. ഈ വിദഗ്ദ പണിക്കാർ അടങ്ങുന്ന 37 പേർ സംഘമാണ് താജ് മഹലിന്റെ മൊത്തം കൊത്തു പണി, അലങ്കാര പണികൾ തീർത്തത്.
താജ് മഹലിന്റെ പണികളിൽ ഉൾപ്പെട്ടിരുന്ന ചില പണിക്കാർ:
  • പ്രധാന ഗോപുരം പണിതത് ഇസ്മായിൽ അഫാൻ‌ഡി (a.ka. ഇസ്മായിൽ ഖാൻ),[22] - ഓട്ടൊമൻ രാജവംശത്തിൽപ്പെട്ട ഈ വസ്തുവിദഗ്ദൻ താജ് മഹലിന്റെ പ്രധാന രൂപകാല്പനികനാണ്. പ്രധാന ഗോപുരം അടക്കം പ്രധാന ഭാഗങ്ങളെല്ലാം രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.
  • ഉസ്താദ് ഇസ - ഇറാനിൽ നിന്നും, ഇസ മുഹമ്മദ് എഫ്ഫാൻ‌ഡി - ഇറാനിൽ നിന്നു, ഇവരാണ് പ്രധാന വാസ്തു വിദ്യ രൂപ കല്പനയിൽ പ്രധാനികൾ. [23][24] - പക്ഷേ , ഇവർക്ക് നിദാനമായി വളരെ കുറച്ച് തെളിവുകൾ മാത്രമേ നില നിൽക്കുന്നുള്ളൂ.
  • 'പുരു' ബെനാറസ് , പേർഷ്യയിൽ നിന്നും, പ്രധാന വാസ്തു വിദ്യ കാർമ്മികനായി കണക്കാക്കപ്പെടുന്നു. .[25]
  • ഖാസിം ഖാൻ - ലാഹോറിൽ നിന്നും - സ്വർണ്ണ ഫിനിയൽ രൂപകല്പന ചെയ്തത് .
  • ചിരഞ്ചിലാൽ - ഡെൽഹിയിൽ നിന്നുള്ള മിനുക്കുപണിക്കാരൻ. ഇദ്ദേഹം പ്രധാന കാരുകനും, മൊസൈക് മിനുക്കുകാരനുമായിരുന്നു.
  • അമാനത് ഖാൻ - ഷിരാസ് ഇറാൻ ൽ നിന്ന്- പ്രധാന കൈയെഴുത്ത് കൊത്തു പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രധാന കവാടത്തിന്റെ കൈയെഴുത്ത് കൊത്തു പണികളുടെ അവസാനം എഴുതി ചേർത്തിട്ടുണ്ട്. [26]
  • മുഹമ്മദ് ഹനീഫ് - ആ‍ശാരിമാരുടെ പ്രധാന കാര്യാധിപനായിരുന്നു.
  • മിർ അബ്ദുൾ കരിം, മുക്കരിമത് ഖാൻ (ഇറാൻ)- എന്നിവർ പ്രധാന ധനകാര്യങ്ങൾ, ദിവസ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നവരായിരുന്നു.

ചരിത്രം


സാമുവൽ ബോൺ, 1860 ൽ എടുത്ത താജ് മഹൽ ചിത്രം.

യുദ്ധകാലത്തെ സംരക്ഷണ താൽക്കാലിക ചട്ടക്കൂട്
താജ് മഹലിന്റെ നിർമാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.
19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീർണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേർന്ന് താജ് മഹലിന്റെ ചുവരുകളിൽ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവർന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് വൈസ്രോയി താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 1908 ൽ തീർന്നു. അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് പ്രധാന ഉദ്യാനം ബ്രിട്ടീഷ് രീതിയിൽ ഇന്ന് കാണുന്ന രീതിയിൽ പുനർനവീകരിച്ചത്.
1942-ൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജർമ്മനിയുടെ ഒരു വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന്റെ മുകളിൽ ഒരു അതിനെ മറക്കുന്നതിനായി ഒരു താൽക്കാലിക ചട്ടക്കൂട് നിർമ്മിക്കുകയുണ്ടായി. ഈ താൽക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാകിസ്താൻ യുദ്ധക്കാ‍ലഘട്ടത്തിലും പിന്നീട് വീണ്ടും സ്ഥാപിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തിൽ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്. [27] പക്ഷേ, ഇപ്പോൾ താജ് മഹലിന്റെ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മധുര എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴയുടെയും പ്രഭാവം കൊണ്ട് വെള്ള മാർബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിനോദസഞ്ചാരം

താജ് മഹൽ വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഇതിൽ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് തണുപ്പുകാ‍ലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങൾക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദർശകർ നടന്നു എത്തുകയോ, സൈക്കിൾ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണ കാരണമല്ലാത്ത വാഹനങ്ങൾ ആശ്രയിച്ചോ എത്തണം. [28][29] ചെറിയ പട്ടണമായ തെക്കേ താജ് ഭാഗം, താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും ഇവിടത്തെ പറയുന്നു. ഇത് അന്നത്തെ ഒരു ചന്തയായി പണിതത് ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു. സന്ദർശകരുടെ ആവശ്യങ്ങളും മറ്റും, സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ഇവിടം ഉപയോഗപ്പെടുന്നു. [30]
ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പട്ടികയിൽ താജ് മഹൽ സ്ഥാനം നേടിയിട്ടുണ്ട്. ഈയിടെ പ്രഖ്യാപിച്ച പുതിയ ഏഴ് മഹാത്ഭുതങ്ങളിലും താജ് മഹൽ സ്ഥാ‍നം നേടിയിട്ടുണ്ട്. [31]
ഇവിടത്തെ സന്ദർശന സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ചകളിൽ അവധിയാണ്. അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ. ഉച്ചക്ക് 12 മണി മുതൽ 2 മണി വരെയാണ് പ്രാർത്ഥനാസമയം. താജ് മഹൽ പൗർണ്ണമി നാളുകളിലും അതിനും മുൻപും പിൻപുമായി രണ്ടു ദിവസങ്ങൾ ചേർത്ത് മൊത്തം അഞ്ച് ദിവസങ്ങൾ രാത്രി കാണുവാനായി തുറക്കാറുണ്ട്. ഇതിൽ വെള്ളിയാഴ്ചകൾ അവധിയായിരിക്കും. [1]. റംസാൻ മാസങ്ങളിൽ രാത്രി സന്ദർശനം ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളാൽ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകൾ, മൊബൈൽ ഫോണുകൾ, ചെറിയ പഴ്സുകൾ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ. [32]

എത്തിച്ചേരാൻ

ആഗ്രയിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡെൽഹിയിൽ നിന്ന് റോഡ്, റെയിൽ മാർഗ്ഗമാണ്. ഡെൽഹിയിൽ നിന്നും സരായി കാലേ ഖാൻ അന്തർ‌ദേശീയ ബസ് ടെർമിനലിൽ നിന്നും ബസ്സുകൾ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനിൽ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്.
ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്.

പഴങ്കഥകൾ

താജ് മഹലിന്റെ പണി തീർന്നതിനു ശേഷം ഈ കെട്ടിട സമുച്ചയം ഒരു സംസ്കാരികവും, ഭൂമിശാസ്ത്രപരവുമായി വളരെയധികം പ്രാധാ‍ന്യമുള്ള ഒന്നായതു കൊണ്ട് ഇതിനെ ചുറ്റിപ്പറ്റി ഒരു പാട് വ്യക്തിപരവും വൈകാരികവുമാ‍യ പഴങ്കഥകൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. [33]

ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ, ആദ്യകാല താജ് മഹൽ സന്ദർശിച്ച യൂറോപ്യന്മാരിൽ പ്രധാനി
ഷാജഹാ‍ൻ താജ് മഹൽ പണിതതിനു ശേഷം ഒരു കറുത്ത താജ് മഹൽ യമുനയുടെ അക്കരയിൽ ഇപ്പോഴത്തെ താജ് മഹലിന് എതിരായി പണിയാൻ ഉദ്ദേശിച്ചിരുന്നു എന്നത് ഇന്നും നിലനിൽക്കുന്ന ഒരു കഥയാണ്. [34] ഈ ആശയം ഉരുത്തിരിഞ്ഞത്, 1665 ൽ ആഗ്ര സന്ദർശിച്ച യുറോപ്യൻ സന്ദർശകനും ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ എന്ന എഴുത്തുകാരന്റെ ഭാവനാത്മകമായ എഴുത്തിൽ നിന്നാണ്. അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്. യമുന നദിയുടെ എതിർഭാഗത്ത് മൂൺലൈറ്റ് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കറുത്ത മാർബിൾ കല്ലുകൾ ഇതിനെ താങ്ങുന്ന തെളിവുകളായിരുന്നു. പക്ഷേ 1990-കളിൽ നടത്തിയ ഗവേഷണങ്ങളിൽ ഇത് തെറ്റാണെന്ന് കണ്ടെത്തുകയും, അവശേഷിച്ച വെള്ള മാർബിളുകൾ കറുത്തതായി തീർന്നതാണെന്നും കണ്ടെത്തുകയുണ്ടായി. [35]
ഈ കറുത്ത കുടീരം പണിയുന്നതിന്റെ കഥ 2006 ൽ വീണ്ടും തെറ്റാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണം പുരാവസ്തുഗവേഷകർ നടത്തി. മൂൺ‌ലൈറ്റ് ഉദ്യാനത്തിൽ ഒരു ചെറിയ കുളം ഇപ്പോഴത്തെ താജ് മഹലിൽ ഉള്ളതു പോലെ പണിയുകയും അതിൽ വെള്ള കുടീരത്തിന്റെ കറുത്ത പ്രതിഫലനം കാണുകയും ചെയ്തു. [36]
ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രധാന വാസ്തുശിൽപ്പികളെ, പണി തീർന്നതിനുശേഷം ഷാജഹാൻ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത് മറ്റൊരു കഥയായി കേൾക്കപ്പെടുന്നു. ചില കഥകൾ പ്രകാ‍രം ഇതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാസ്തുശിൽപ്പികൾ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറിൽ ഒപ്പു വച്ചു എന്നും പറയുന്നു. [37] പക്ഷേ, ഇതിന് സ്ഥായിയായ ഒരു തെളിവും ഇല്ല. അതുപോലേ, 1830 ൽ ഇന്ത്യ ഗവണ്മെന്റ് ഗവർണ്ണറായിരുന്ന വില്യം ബെനഡിക്ട് പ്രഭു, താജ് മഹൽ പൊളിക്കാൻ ഉദ്ദേശിക്കുകയും, ഇതിലെ മാർബിൾ ലേലം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതായി പറയുന്നു. പക്ഷേ, ഇതിനും വ്യക്തമായ തെളിവുകളില്ല. ബെനടിക്ട് പ്രഭുവിന്റെ ജീവചരിത്രകാരനായ ജോൺ റോസല്ലി, ബെനഡിക്ട് പ്രഭു, ധനസംഭരണത്തിനു വേണ്ടി ആഗ്ര കോട്ടയിൽ പണിയിൽ ബാക്കി വന്ന മാർബിൾ വിൽക്കാൻ തീരുമാനിച്ചതിൽ നിന്നുണ്ടായ കഥയാണ് ഇതെന്ന് വെളിപ്പെടുത്തുന്നു. [38]
2000-ൽ പി.എൻ.ഓക്ക് നൽകിയ ഒരു അപേക്ഷ പ്രകാരം ഒരു ഹിന്ദു രാജാവാണ് താജ് മഹൽ പണിതത് എന്ന അവകാശ വാദം സുപ്രീം കോടതി തള്ളി.[39][37] ഓക്ക് തന്റെ അപേക്ഷയിൽ പറയുന്നതു പ്രകാരം, മറ്റ് ചരിത്ര സ്മാരകങ്ങളുടെ ഒപ്പം താജ് മഹലും മുസ്ലീം സുൽത്താന്മാരുടെ പേരിലാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ അത് പണിതത് ഒരു ഹിന്ദു രാജാവാണെന്നുമാണ്. [40]
ചിത്രശാല