എന്റെ കേരളം

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷിൽ: Kerala). വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക്‌ കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.

വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][5]. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങൾ. കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ
മൃഗം ആന
പക്ഷി മലമുഴക്കി വേഴാമ്പൽ
പുഷ്പം കണിക്കൊന്ന
വൃക്ഷം തെങ്ങ്
ഫലം ചക്ക
മത്സ്യം കരിമീൻ

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌[6].

വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്‌. [4],[7]. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. [8] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[9][10][11]
ഉള്ളടക്കം




പേരിനുപിന്നിൽ

കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.

* കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.

* ‘ചേരളം’ എന്ന പദത്തിൽ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാർ കരുതുന്നത്. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന് ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി. [12]

* ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. [13] ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. [14]ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.

* വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.[15]

* മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ്‌ ചേരൽ ഉണ്ടായതെന്നും അതാണ്‌ കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.

* മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്[16]. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാർ എന്ന പേർ നൽകിയത് അറബികൾ ആണെന്നതും ഇതിന് ശക്തി പകരാൻ ചൂണ്ടിക്കാണിക്കപ്പെടുന്നു.

* ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു.[17] കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.

കേരളത്തിന്റെ ജില്ല തിരിച്ചുള്ള ഭൂപടം
ചരിത്രം

പ്രധാന ലേഖനം: കേരള ചരിത്രം

ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകൾ കേരളത്തിലെ മറയൂർ എന്ന സ്ഥലത്ത്.
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന് വിശ്വസിക്കുന്നു
ഡച്ച് കമാന്ററായ ഡി. ലെനോയ് മാർത്താണ്ഡവർമ്മക്ക് മുൻപിൽ കുളച്ചൽ യുദ്ധത്തിനു ശേഷം പത്മനാഭകൊട്ടാരത്തിൽ വച്ച കീഴടങ്ങുന്നു
പത്തൊൻപതാം നൂറ്റാണ്ടിലെ മദ്രാസ് പ്രവിശ്യയുടെ മാപ്. മലബാർ, കൊച്ചി, തിരുവിതാംകൂർ, തെക്കെ കാനറ ജില്ലയുടെ ഭാഗങ്ങൾ എന്നിവ ചേർന്നാണ് കേരളം രൂപപ്പെട്ടത്.

പ്രാകൃതകാലം മുതലേയുള്ള നിരവധി മനുഷ്യപ്രയാണങ്ങളുടേയും അവയിൽനിന്നുരുത്തിരിഞ്ഞ അധിവാസകേന്ദ്രങ്ങളുടേയും തുടർച്ചയുടെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം.ഇന്ത്യനുപഭൂഖണ്ഡത്തിന്റെ ഈ തെക്കുപടിഞ്ഞാറൻ തീരദേശത്ത് ആദ്യമായി എത്തിപ്പെട്ടവർ നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വർഗ്ഗത്തിൽ പെട്ടവരായിരുന്നിരിക്കണം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാകൃതകാലത്ത് ഇന്നുകാണുന്ന സമതലങ്ങൾ ഇല്ലാതിരുന്നതിനാൽ ഇക്കൂട്ടർ മുഖ്യമായും വനങ്ങൾ നിറഞ്ഞ ഉയർന്ന നിരപ്പിലുള്ള മലമ്പ്രദേശങ്ങളാണ് സ്വാഭാവികമായും താവളമാക്കിയത്. ഇവർ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികൾ ഭക്ഷിച്ചുമാണ്‌ ജീവിച്ചിരുന്നത്. കൃഷി അവർക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാർ ഇന്നും കേരളത്തിൽ അവശേഷിച്ചിട്ടുണ്ട്. കിഴക്കൻ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയർ, ഇരുളർ, കുറിച്യർ, മുതുവാന്മാർ, മലയരയർ, മലവേടർ, ഉള്ളാടർ, കാണിക്കാർ തുടങ്ങിയ ആദിവാസികൾ ഇവരുടെ പിൻ‌ഗാമികൾ ആണ്‌.[18]

പിന്നീട് കടന്നുവന്നവരാണ് ദ്രാവിഡർ. കടൽ കുറേക്കൂടി പിൻവാങ്ങി കൂടുതൽ സമതലപ്രദേശങ്ങൾ ഉയർന്നുവരികയും ഭൂപ്രകൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തതിനുശേഷമാണ്‌ ഇതെന്നാണ്‌ ചരിത്രഗവേഷകർ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്‌. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവർ ആദിമനിവാസികൾ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികൾ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. ഈ ആദിമനിവാസികൾ തങ്ങളുടേതായ ടേതായ ചുറ്റുപാടുകളിൽ ജീവിച്ചുകൊണ്ട് പുതിയ അയൽക്കാരുമായി കൊള്ളക്കൊടുക്കകളിൽ ഏർപ്പെട്ടിരുന്നതായി പിൽക്കാലത്തെ സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം. ഇവർ കാളി, പൂ‌ർ‌വ്വികർ(മുത്തപ്പൻ), പ്രകൃതിശക്തികൾ, മലദൈവങ്ങൾ എന്നിവരെ ആരാധിച്ചിരുന്നു.

ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടതിനുശേഷം ഇന്നത്തെ രൂപത്തിലേക്ക് എത്തിപ്പെടുമ്പോഴേക്ക് ഏതായാലും കേരളം എന്ന വാക്ക് ഒരു സ്വതന്ത്രാസ്തിത്വം നേടിയിരുന്നു. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി രാമായണത്തിൽ ഇങ്ങനെ പറയുന്നു:

നദീം ഗോദാവരീം ചൈവ
സർവമേവാനുപശ്യത
തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച
ചോളാൻ പാണ്ഡ്യാൻ ച കേരളാൻ[19]

മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടുകഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞാണ് അവ ഇന്നത്തെ മട്ടിലായതെന്നും അതിനിടെ അവയിൽ പ്രക്ഷിപ്തമായി പലതും കടന്നുകൂടിയിട്ടുണ്ടാകുമെന്നും പണ്ഡിതമതമുണ്ട്.

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുൻപ്‌ 272-നും 232-നും ഇടയിൽ മദ്ധ്യേന്ത്യയിൽ അശോകചക്രവർത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തിൽ നിന്നാണ്‌ ലഭിച്ചിരിക്കുന്നത്‌.[20]. അശോകക്രവർത്തിയുടെ രണ്ടാം ശിലാശാസനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാർക്ക് പ്രിയനാകിയ രാജാ പ്രിയദർശിയുടെ രാജ്യത്തും അയൽ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപർണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയൽ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദർശി രണ്ടുതരം ചികിത്സക്കുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നു: മനുഷ്യർക്കുള്ള ചികിത്സക്കും കന്നുകാലികൾക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തിൽ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമർശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമർശം കാണാം. താമ്രപർണി എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

കേരളവും മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ൽ സോളമന്റെ കപ്പലുകളിൽ ഫൊണീഷ്യന്മാർ കേരളതീരത്തുള്ള ഓഫിർ എന്ന തുറമുഖം സന്ദർശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാർ എന്ന ഗ്രാമത്തിലാണ് ഈ ഓഫീർ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു[21]‌.

ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമൻ, ചൈനീസ് യാത്രാരേഖകളിൽ കേരളത്തെപ്പറ്റിയുളള വിവരണങ്ങൾ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റർ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളിൽ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടിൽ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തിൽ കേരളത്തിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ ഉണ്ട്. പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും[22] അതല്ല കുറവരാണെന്നും വാദങ്ങൾ നിലനിൽക്കുന്നു.[23] തമിഴ്‌ ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌. ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ. പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു. ഇവരുടെ അധികാരവടംവലികൾക്കും ബലപരീക്ഷണങ്ങൾക്കുമൊടുവിൽ ആത്യന്തികമായി സമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു. വടക്ക് ചിറക്കൽ, കോലത്തിരി, തുടങ്ങിയ രാജവംശങ്ങളും അറക്കൽ ബീവിയും ചെറിയ പ്രദേശങ്ങളിൽ മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ്‌ കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌. ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്മലബാർ, കൊച്ചി, തിരുവിതാംകൂർ.എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.
1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്

പോർച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ൽ കേരളത്തിൽ എത്തിയത്‌ കേരളത്തിൽ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികളുടെ മേൽക്കോയ്മ തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടൽമുഖങ്ങൾ യൂറോപ്യൻ വ്യാപാരികൾക്കു മുന്നിൽ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തിൽ ക്രമബദ്ധമായ രേഖകൾ പാശ്ചാത്യനാടുകളിൽ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദർശനത്തോടെയാണ്‌. [24] പോർച്ചുഗീസുകാരെത്തുടർന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തിൽ സ്വാധീനമുറപ്പിച്ചു. പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളിലെല്ലാം വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങൾ കാണാൻ കഴിയും.

ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം. 1947-ൽ‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
[തിരുത്തുക] ചരിത്രം നാഴികക്കല്ലുകൾ
ലേഖനത്തിലെ ഈ വിഭാഗം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കാൻ സഹായിക്കുക.

* ക്രി.മു. 350- ക്രി.മു. 275 - ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തിനെക്കുറിച്ച് പരാമർശം.
* ക്രി.മു. 27 0 - അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളത്തെക്കുറിച്ച് പരാമർശം.
* 52 - ക്രിസ്തുശിഷ്യൻ തോമാശ്ലീഹ കേരളത്തിൽ വന്നു എന്നു കരുതപ്പെടുന്നു.
* 66-68- ജൂതന്മാരുടെ ആഗമനം
* 550 കുരുമുളകിനേയും നാളികേരത്തേയും കുറിച്ച് കോസ്മോസ് ഇൻഡികോപ്ലൂസ് വിവരിക്കുന്നു.
* 664 - മാലിക് ഇബ്നു ദിനാർ കേരളത്തിൽ എത്തുന്നു
* 778 - ശങ്കരാചാര്യർ ജനിച്ചു
* 825 - കൊല്ലവർഷാരംഭം
* 1089 - രാമവർമ്മ കുലശേഖരന്റെ ഭരണാരംഭം
* 1192 - ആര്യൻ|ആര്യന്മാരുടെ സർവ്വാദിപധ്യം നഷ്ടമാവുന്നു.


ചിത്രങ്ങള്‍